siddarth-father-cm-2

പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണത്തില്‍ സി‌ബി‌ഐ അന്വേഷണം വൈകിയത് സര്‍ക്കാരിന്റെ ഗുരുതര വീഴ്ചയും ന്യായീകരണമില്ലാത്ത അബദ്ധവും മൂലം. കേസ് സി.ബി.ഐക്ക് കൈമാറാന്‍ തീരുമാനിച്ചെങ്കിലും പൂര്‍ണവിവരങ്ങളടങ്ങിയ പ്രൊഫോമ റിപ്പോര്‍ട്ട് നല്‍കിയില്ല. കേന്ദ്രത്തിന് കൈമാറേണ്ട വിജ്ഞാപനം അയച്ചതാകട്ടെ സി.ബി.ഐയുടെ കൊച്ചി ഓഫീസിലേക്കും. മനോരമ ന്യൂസ് വാര്‍ത്ത പുറത്തുവിട്ടതിന് പിന്നാലെ തിടുക്കപ്പെട്ട് റിപ്പോര്‍ട്ടും വിജ്ഞാപനവും ഇമെയില്‍ വഴി കൈമാറി തടിതപ്പി. വീഴ്ച വരുത്തിയ ആഭ്യന്തരവകുപ്പിലെ മൂന്ന് ഉദ്യോഗസ്ഥരെ സസ്പെന്‍ഡും ചെയ്തു. 

 

അന്വേഷണം സി.ബി.ഐക്ക് കൈമാറുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതും അതിനുള്ള വിജ്ഞാപനം ഇറങ്ങിയതും 9നാണ്. പിന്നീട് ഇന്ന് പതിനേഴാം ദിവസം വരെ മുഖ്യമന്ത്രി ഭരിക്കുന്ന ആഭ്യന്തരവകുപ്പില്‍ അരങ്ങേറിയത് ഗുരുതര കൃത്യവിലോപം. കേന്ദ്ര പേഴ്സണല്‍ മന്ത്രാലയത്തിന് അയക്കേണ്ട വിജ്ഞാപനം കൈമാറിയത് സി.ബി.ഐയുടെ കൊച്ചി ഓഫീസിലേക്ക്. ഡി.ജി.പിക്ക് നല്‍കേണ്ട പരാതി എസ്.ഐക്ക് നല്‍കുന്നത് പോലെ അബദ്ധമാണിത്. എന്നിട്ട് എല്ലാം ശരിയാക്കിയെന്ന് പറഞ്ഞ് അടങ്ങിയിരുന്നു. പക്ഷെ കേസ് ഏറ്റെടുക്കാനാകുമോയെന്ന് പരിശോധിക്കാന്‍ സി.ബി.ഐ പ്രധാനമായും ആശ്രയിക്കുന്ന പ്രൊഫോമ റിപ്പോര്‍ട്ട് കൈമാറിയുമില്ല. സിദ്ധാര്‍ഥന്റെ അച്ഛന്‍ ആരോപണം ഉന്നയിച്ചതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് ഈ വീഴ്ചകള്‍ പുറത്തറിയുന്നത്. ഒടുവില്‍ ഇന്ന് വൈകിട്ട് അഞ്ചിന്  ഇ മെയില്‍ അയച്ച് നല്‍കുമ്പോളാണ് കേസ് കൈമാറ്റത്തിലെ പ്രാഥമിക നടപടി ആരംഭിക്കുന്നത്. രേഖകള്‍ നേരിട്ട് കൈമാറാന്‍ ഡിവൈ.എസ്.പിയെ ‍ഡല്‍ഹിക്ക് അയക്കുകയും ചെയ്തു. വീഴ്ചയ്ക്കെതിരെ സിദ്ധാര്‍ഥന്റെ കുടുംബം സമരം പ്രഖ്യാപിച്ചു.

 

തിരഞ്ഞെടുപ്പ് കാലത്ത് ഇത് വലിയ തിരിച്ചടിയാകുമെന്ന് ഉറപ്പായതോടെ മുഖ്യമന്ത്രി ആഭ്യന്തരവകുപ്പിനോട് വിശദീകരണം തേടി. പിന്നാലെ വീഴ്ചവരുത്തിയെന്ന് കണ്ടെത്തി ആഭ്യന്തരവകുപ്പിലെ ഡെപ്യൂട്ടി സെക്രട്ടറി അടക്കം മൂന്ന് വനിത ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. സി.ബി.ഐ അന്വേഷണം വൈകിപ്പിക്കാനുള്ള സര്ക്കാര്‍ നീക്കമെന്ന് ആരോപിച്ച് പ്രതിപക്ഷവും രംഗത്തെത്തി.

 

siddharth death case cbi investigation