bjp-3

 

ലോക്സഭാ തിരഞ്ഞെടുപ്പിന് ബിജെപി തൊണ്ണൂറ് ശതമാനം സ്ഥാനാര്‍ഥികളെയും പ്രഖ്യാപിച്ചു. നൂറിലധികം സിറ്റിങ് എംപിമാര്‍ക്കാണ് സീറ്റ് നിഷേധിക്കപ്പെട്ടത്. കേന്ദ്രമന്ത്രിമാര്‍ അടക്കം പ്രമുഖരെയും നിഷ്ക്കരുണം വെട്ടിയൊതുക്കി. ജയസാധ്യതയെ ബാധിക്കുന്ന ഒരു പരിഗണനയും വേണ്ടെന്നതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കര്‍ശന നിലപാട്. 

 

ബിജെപിക്ക് 370 സീറ്റ്. തിളക്കമാര്‍ന്ന മൂന്നാം ഉൗഴം ലക്ഷ്യമിട്ടുള്ള പോരാട്ടത്തില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഉള്‍പ്പെടെ ഒരു വിട്ടുവീഴ്ച്ചയുമില്ല എന്നതാണ് നരേന്ദ്ര മോദിയുടെ നയം. ബിജെപിയുടെ ആഭ്യന്തര സര്‍വേയില്‍ ജയസാധ്യത, സിറ്റിങ് എംപിക്ക് നേരെയുള്ള പ്രാദേശിക വികാരം, വിവാദങ്ങള്‍ എന്നിവ പരിശോധിച്ചാണ് സ്ഥാനാര്‍ഥി പട്ടിക തയ്യാറാക്കിയത്. ഏതാണ്ട് 440 സീറ്റുകളില്‍ ഇത്തവണ ബിജെപി മല്‍സരിക്കുന്നു. ആറ് ഘട്ടങ്ങളിലായി 405 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. നൂറോളം സിറ്റിങ് എംപിമാര്‍ക്കാണ് സീറ്റ് നിഷേധിക്കപ്പെട്ടത്.

 

വി.കെ സിങ്, അശ്വനി ചൗബേ, മീനാക്ഷി ലേഖി, ഹര്‍ഷ്‍വര്‍ധന്‍, ഗൗതം ഗംഭീര്‍, ദര്‍ശന ജര്‍ദോഷ്, രമേഷ് പൊഖ്‍റിയാല്‍ നിഷാങ്ക്, ഡി.വി സദാനന്ദ ഗൗഡ തുടങ്ങിയ പ്രമുഖര്‍ ഇത്തവണ മല്‍സരരംഗത്തില്ല. വിവാദങ്ങളുണ്ടാക്കി പാര്‍ട്ടിയെ വെട്ടിലാക്കിയ പ്രഗ്യാ സിങ് ഠാക്കൂര്‍, രമേശ് ബിദൂഡി, പര്‍വേഷ് വര്‍മ, അനന്തകുമാര്‍ ഹെഗ്ഡെ എന്നവരുടെയും ടിക്കറ്റ് വെട്ടി. പാലര്‍ലമെന്‍റ് പുകയാക്രമണത്തിലെ പ്രതികള്‍ക്ക് സന്ദര്‍ശക പാസ് അനുവദിക്കാന്‍ ശുപാര്‍ശ ചെയ്ത പ്രതാപ് സിംഹയ്ക്കും ഇത്തവണ കളത്തിന് പുറത്തിരിക്കേണ്ടി വന്നു. 

 

മണിപ്പുര്‍ കലാപത്തിന്‍റെ സാഹചര്യം കണക്കിലെടുത്ത് േകന്ദ്രമന്ത്രി രാജ്കുമാര്‍ രഞ്ജന്‍ സിങ് സ്ഥാനാര്‍ഥി പട്ടികയിലില്ല. ഇന്നര്‍ മണിപ്പുര്‍ സീറ്റില്‍ രാജ്കുമാര്‍ രഞ്ജന്‍ സിങ്ങിന് പകരം തൗനവോജം ബസന്ത കുമാര്‍ മല്‍സരിക്കും. കലാപ സമയത്ത് രാജ്കുമാര്‍ രഞ്ജന്‍ സിങ്ങിന്‍റെ വസതി ആക്രമിക്കപ്പെട്ടിരുന്നു. വഡോദര സിറ്റിങ് എംപി രഞ്ജന്‍ ബെന്‍ ഭട്ടും സബര്‍കന്ത സ്ഥാനാര്‍ഥി ഭിഖാജി താക്കോറും ബാരബങ്കി എംപി ഉപേന്ദ്ര സിങ് റാവത്തും മല്‍സരത്തില്‍ നിന്ന് പിന്മാറിയിരുന്നു. കേന്ദ്രമന്ത്രി ശോഭ കരന്ത്‍ലജെയുടെയും ബംഗാള്‍ ബിജെപി മുന്‍ അധ്യക്ഷന്‍ ദിലീപ് ഘോഷിന്‍റെയും മണ്ഡലങ്ങള്‍ മാറ്റി.  ആദ്യ പട്ടികയില്‍ 33 ഉം രണ്ടാം പട്ടികയില്‍ 30 ഉം അഞ്ചാം പട്ടികയില്‍ 37 ഉം സിറ്റിങ് എംപിമാരെയാണ് ഒഴിവാക്കിയത്. 

 

Lok Sabha polls: BJP releases sixth list of candidates