mangalamkunnu-ayyappan

TAGS

ആനപ്രേമികളെ കണ്ണീരിലാക്കി ഗജരാജകേസരി മംഗലംകുന്ന് അയ്യപ്പൻ ചെരിഞ്ഞു. ആനത്തറവാടെന്ന് പേരുകേട്ട മംഗലാംകുന്നിൽ ഇനി ഗണപതിയുമില്ല,  കർണനുമില്ല, അയ്യപ്പനുമില്ല... വിയോഗം അത്ര എളുപ്പം  പാലക്കാട്ടുകാർക്ക് ഉൾകൊള്ളാനാവില്ല.

 

പാദ രോഗങ്ങൾ അലട്ടുന്നതിനിടെ മദപ്പാടും വന്നപ്പളും അതൊക്കെ കടന്ന് പോരും അയ്യപ്പൻ എന്ന് വിശ്വസിക്കാനായിരുന്നു ആന പ്രേമികൾക്ക് ഇഷ്ടം.. ചെനക്കത്തൂരടക്കം ഒരു ഉത്സവപറമ്പിലും ഈ സീസണിൽ അയ്യപ്പൻ കോലം വെച്ചില്ല എന്നതൊന്നും ആരാധകരുടെ പ്രതീക്ഷ തളർത്തുന്നതായിരുന്നില്ല. പക്ഷെ അയ്യപ്പൻ ചെരിഞ്ഞു എന്നത് അത്ര വേഗം ഉൾകൊള്ളാനാവില്ല. അത്ര മേൽ ആനപ്രേമികളുടെ മനസ്സിൽ ആ മസ്തകപ്പെരുമ പതിഞ്ഞു കിടപ്പുണ്ട്. ബീഹാരിലെ സോൺപൂർ മേളയിൽ നിന്ന് കൊണ്ടുവരുമ്പോൾ അയ്യപ്പന് പ്രായം 19വയസ്. അനുസരണയുള്ള കുട്ടിക്കുറുമ്പൻ. മോട്ടി ശിങ്കാർ എന്നായിരുന്നു അന്നവന്റെ വിളിപ്പേര്. ഗണപതിക്കും കർണനും കൂട്ടായി എത്തിയവൻ പിന്നെ അയ്യപ്പനായി.

 

സാമാന്യത്തിലധികം വിരിഞ്ഞുയർന്ന തലക്കുന്നി. 305 സെന്റിമീറ്റർ ഉയരം. നീണ്ട തികഞ്ഞ ദശയോടുകൂടിയ തുമ്പികൈ. നീളമുള്ള ഒതുക്കമുള്ള കൊമ്പുകൾ. താലപ്പൊക്കത്തിൽ പല മത്സരങ്ങളിലും വിജയി. ഏതൊരു മൂർത്തിയുടെ തിടമ്പെടുത്താലും നെറ്റിപ്പട്ടത്തിന്റെ തിളക്കത്തേക്കാൾ പൂരാപ്രേമികൾക്ക് ഹരം അയ്യപ്പൻറെ നിലാപ്പൊക്കമൊത്ത മസ്തകഭംഗിയാണ്. എണ്ണം തികയ്ക്കാൻ ഒരു വലം പറ്റോ ഇടംപറ്റോ മാത്രമായി കണക്കാക്കിയ കാലത്തു നിന്ന് പാറമേക്കാവ്‌ലമ്മയുടെ തിടമ്പ് ഏറ്റി തെക്കോട്ടിറക്കത്തിൽ തലപൊക്കി നിന്ന ഗജരാജനിലേക്കുള്ള വളർച്ച അതിവേഗമായിരുന്നു.

 

കരാറുറപ്പിച്ച ആനയെ വാശിക്ക് ലേലത്തിൽ വെച്ച് ലക്ഷങ്ങൾ ലേലം പറഞ്ഞു പിടിച്ചുവാങ്ങി തിടമ്പും കോലവും കൊടുത്ത മീനഭരണിയുടെ ചരിത്രം തൃശൂർ ചീരക്കാവ് കർക്ക് മറക്കാൻ പറ്റില്ല.. മംഗലംകുന്ന് ഗണപതി ചെരിഞ്ഞപ്പോൾ അയ്യപ്പൻ നൽകിയ പ്രണാമം കണ്ട് കണ്ണ് നനയാത്ത മലയാളി ഉണ്ടാവില്ല. കർണനും ഗണപതിയും ഇല്ലാത്ത മംഗലംകുന്നിൽ ഇനി അയ്യപ്പനുമില്ല, അവന്റെ വൈഡൂര്യ ശോഭയുമില്ല.