കലാമണ്ഡലം സത്യഭാമയുടെ ഭാഗത്തു നിന്നുണ്ടായത് കടുത്ത വംശീയ അധിക്ഷേപമെന്ന് ആർ എൽ വി രാമകൃഷ്ണൻ. തനിക്കെതിരെ മുമ്പും പല തവണ അധിക്ഷേപമുണ്ടായിട്ടുണ്ട്. വലിയ നടനായിട്ടും സഹോദരൻ കലാഭവൻ മണിക്കും സമാന രീതിയിൽ അധിക്ഷേപമുണ്ടായിട്ടുണ്ടെന്നും കടുത്ത നിയമനടപടിയുമായി മുന്നോട്ടു പോകുന്നു രാമകൃഷ്ണൻ മനോരമ ന്യൂസിനോട് പറഞ്ഞു.
സത്യഭാമയുടെ പ്രസ്താവന അപമാനമെന്ന് ആര്‍എല്‍വി കോളജ് പ്രിന്‍സിപ്പല്‍ പ്രഫസര്‍ രാജലക്ഷ്മി പ്രതികരിച്ചു. കലയില്‍ ജാതിയും നിറവും നിറയ്ക്കുന്നത് അല്‍പ്പത്തരമാണ്. നിയമനടപടി ആലോചിക്കുമെന്ന് പ്രിന്‍സിപ്പല്‍ മനോരമ ന്യൂസിനോട് പറഞ്ഞു. പുതിയ തലമുറയില്‍ വിഷം നിറയ്ക്കുന്ന പരാമര്‍ശമെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.
അതേസമയം, അഭിമുഖത്തില്‍ ആരുടെയും പേര് പരാമര്‍ശിച്ചിട്ടില്ലെന്ന് നര്‍ത്തകി സത്യഭാമ ന്യായീകരിച്ചു. ആര്‍എല്‍വി എന്ന സ്ഥാപനത്തെക്കുറിച്ചാണ് പറഞ്ഞത്. വ്യക്തിയെക്കുറിച്ചല്ല. താന്‍ പറഞ്ഞത് മാധ്യമങ്ങള്‍ വളച്ചൊടിച്ചതായും സത്യഭാമ പ്രതികരിച്ചു
രണ്ടാംതവണയാണ് സത്യഭാമ വിവാദത്തില്‍പെടുന്നത് . മുന്‍പ് കലാമണ്ഡലം പത്മനാഭനെയും അധിക്ഷേപിച്ചു. അന്നത്തെ ഫോണ്‍സംഭാഷണം പുറത്തുവിട്ടത് ആര്‍എല്‍വി രാമകൃഷ്ണനായിരുന്നു. ഇതേത്തുടര്‍ന്നാണ് സത്യഭാമയെ കലാമണ്ഡലം ഭരണസമിതിയില്‍ നിന്ന് പുറത്താക്കിയത്.
രാമകൃഷ്ണന് കാക്കയുടെ നിറമാണെന്നും മോഹിനിയാട്ടത്തിന് കൊള്ളില്ലെ ന്നുമാണ് സത്യഭാമ സ്വകാര്യ യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. സൗന്ദര്യമുള്ള പുരുഷന്മാര്‍ വേണം മോഹിനിയാട്ടം അവതരിപ്പിക്കാനെന്നും ഇവര്‍ പറഞ്ഞു. തിരുവനന്തപുരത്ത് നൃത്തവിദ്യാലയം നടത്തുകയാണ് സത്യഭാമ. ഇവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നു ആര്‍എല്‍വി രാമകൃഷ്ണന്‍ ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
Kalamandalam Sathyabhama passes casteist remarks on R L V Ramakrishnan