പ്രശസ്ത കവി പ്രഭാ വര്‍മയ്ക്ക് ഇന്ത്യന്‍ സാഹിത്യരംഗത്തെ ഉന്നത പുരസ്ക്കാരമായ സരസ്വതി സമ്മാന്‍. രൗദ്രസാത്വികം എന്ന കാവ്യാഖ്യായികയ്ക്കാണ് പുരസ്ക്കാരം. 15 ലക്ഷം രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് സരസ്വതി സമ്മാന്‍. മലയാള ഭാഷയ്ക്ക് കിട്ടിയ അംഗീകാരമാണെന്ന് പ്രഭാ വര്‍മ പ്രതികരിച്ചു.
12 വര്‍ഷത്തിന് ശേഷം മലയാള സാഹിത്യത്തിന് സരസ്വതി സമ്മാന ശോഭ. അധികാരവും സാഹിത്യവും തമ്മിലെ സംഘര്‍ഷത്തെ കേന്ദ്രമാക്കി വൈരുദ്ധ്യങ്ങളെ അഭിസംബോധന ചെയ്യുകയാണ് രൗദ്രസാത്വികത്തില്‍. നാലാം തവണയാണ് മലയാളത്തിലേയ്ക്ക് കെ.കെ ബിര്‍ല ഫൗണ്ടേഷന്‍റെ സരസ്വതി സമ്മാന്‍ എത്തുന്നത്. 1995ല്‍ ബാലാമണിയമ്മയ്ക്കും 2005ല്‍ കെ അയ്യപ്പ പണിക്കര്‍ക്കും 2012ല്‍ സുഗതകുമാരിക്കും പുരസ്ക്കാരം ലഭിച്ചു. സുപ്രീംകോടതി മുന്‍ ജഡ്ജ് ജസ്റ്റിസ് അര്‍ജന്‍ കുമാര്‍ സിക്രി അധ്യക്ഷനായ സമിതിയാണ് പുരസ്ക്കാര നിര്‍ണയ നടപടികള്‍ക്ക് നേതൃത്വം വഹിച്ചത്. 22 ഭാഷകളില്‍ നിന്നും 2013നും 2022 നും ഇടയില്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ പുരസ്ക്കാരത്തിനായി പരിഗണിച്ചു.
ശ്യാമമാധവം, കനല്‍ച്ചിലമ്പ്, രൗദ്രസാത്വികം എന്നീ കാവ്യാഖ്യായികകളും സൗപര്‍ണിക, അര്‍ക്കപൂര്‍ണിമ, അവിചാരിതം തുടങ്ങി 12 കാവ്യ സമാഹാരങ്ങളും പ്രഭാ വര്‍മയുടേതായിട്ടുണ്ട്. ഗാനരചിയിതാവ്. മാധ്യമ പ്രവര്‍ത്തകന്‍. സിനിമ ഗാന രചനയ്ക്ക് ദേശീയ, സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരങ്ങള്‍ ലഭിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി എക്സിക്യൂട്ടീവ് അംഗമായിരുന്നു. കേന്ദ്ര, സംസ്ഥാന സാഹിത്യ പുരസ്ക്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
Prabha Varma gets Saraswati Samman Award by KK Birla Foundation