സുഖ്ബിര്‍ സിങ് സന്ധു, ഗ്യാനേഷ് കുമാര്‍ (വലത്)
കേരള കേഡര്‍ െഎഎഎസ് ഉദ്യോഗസ്ഥനായിരുന്ന ഗ്യാനേഷ് കുമാറും ഉത്തരാഖണ്ഡ് മുന്‍ ചീഫ് സെക്രട്ടറി സുഖ്ബിര്‍ സിങ് സന്ധുവും തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാര്‍. നിയമനം സംബന്ധിച്ച് നിയമമന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു . പ്രധാനമന്ത്രി ഉള്‍പ്പെട്ട സമിതിയാണ് ഇരുവരെയും തിരഞ്ഞെടുത്തത്. കോണ്‍ഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി വിയോജിച്ചു. നിയമനരീതി ചോദ്യം ചെയ്തുള്ള ഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കാനിരിക്കുകയാണ്.
തിരഞ്ഞെടുപ്പ് കമ്മിഷനിലെ രണ്ട് ഒഴിവുകള്‍ നികത്തുന്നതോടെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് കളമൊരുങ്ങി. പ്രധാനമന്ത്രി നരേന്ദ്ര മോദി, നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്‍വാള്‍, കോണ്‍ഗ്രസിന്‍റെ ലോക്സഭാ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി എന്നിവരുടെ സമിതി ഉച്ചയ്ക്ക് യോഗം ചേര്‍ന്നു. യോഗത്തിന് ശേഷം അധിര്‍ രഞ്ജന്‍ ചൗധരിയാണ് ഉദ്യോഗസ്ഥരുടെ പേരുകള്‍ പുറത്തുവിട്ടത്. നിയമന രീതിയോട് അധിര്‍ രഞ്ജന്‍ വിയോജിച്ചു. നിയമനത്തിനായി പരിഗണിക്കുന്ന ഉദ്യോഗസ്ഥരുടെ ചുരുക്കപ്പട്ടിക നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കിലും നല്‍കിയില്ലെന്ന് ചൗധരി. ഇന്നലെ രാത്രി 212 പേരുടെ പട്ടിക കൈമാറി. യോഗത്തിന് തൊട്ട് മുന്‍പ് ആറു പേരുടെ ചുരുക്കപ്പട്ടിയും നല്‍കി. സര്‍ക്കാരിന് ഭൂരിപക്ഷമുള്ള സമിതിയുടെ ഘടനയും അധിര്‍ ചോദ്യം ചെയ്തു. നിയമമന്ത്രിക്ക് പകരം സുപ്രീംകോടതി ചീഫ് ജസ്റ്റിസ് വേണമെന്ന് ആവശ്യപ്പെട്ടു.
ഗ്യാനേഷ് കുമാര്‍ 1988 ബാച്ച് കേരള കേഡര്‍ െഎഎഎസ് ഉദ്യോഗസ്ഥന്‍. സഹകരണ, പാര്‍ലമെന്‍ററികാര്യമന്ത്രാലയങ്ങളില്‍ പ്രവര്‍ത്തിച്ചു. അയോധ്യ രാമക്ഷേത്ര ട്രസ്റ്റ് രൂപീകരണത്തില്‍ നിര്‍ണായക പങ്കുവഹിച്ച ഗ്യാനേഷ് കുമാര്‍ ജമ്മുകശ്മീരിന്‍റെ പ്രത്യേക പദവി റദ്ദക്കിയ സമയത്ത് ആഭ്യന്തരമന്ത്രാലയത്തില്‍ കശ്മീര്‍ ഡെസ്കിന് നേതൃത്വം നല്‍കി. ദേശീയപാത അതോറിറ്റി ചെയര്‍മാനായും വിദ്യാഭ്യാസമന്ത്രാലയത്തില്‍ അഡീഷനല്‍ സെക്രട്ടറിയുമായിരുന്നു എസ്.എസ് സന്ധു.
Gyanesh Kumar and Sukhbir Singh Sandhu may appointed as election commissioners