• 'പൗരത്വ നിയമഭേദഗതി പിന്‍വലിക്കാന്‍ സാധ്യമല്ല'
  • 'ഇന്ത്യ മുന്നണി അധികാരത്തില്‍ വരില്ല'
  • 'രാജ്യമെങ്ങും സി.എ.എ ബോധവല്‍ക്കരണം നടത്തും'

പൗരത്വ നിയമഭേദഗതി പിന്‍വലിക്കില്ലെന്ന് തറപ്പിച്ച് പറഞ്ഞ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സിഎഎ നടപ്പാക്കാതിരിക്കാന്‍ കഴിയില്ലെന്ന് പിണറായി വിജയന്‍ അടക്കം അതിനെ എതിര്‍ക്കുന്ന മുഖ്യമന്ത്രിമാര്‍ക്ക് അറിയാമെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. സിഎഎ മൂലം ഏത്  ഇന്ത്യക്കാരന്‍റെ പൗരത്വമാണ് നഷ്ടപ്പെടുന്നതെന്ന് തെളിയിക്കാന്‍ അദ്ദേഹം പ്രതിപക്ഷത്തെ വെല്ലുവിളിച്ചു. നിയമം സുപ്രീംകോടതി സ്റ്റേ ചെയ്തിട്ടില്ലെന്നും അമിത് ഷാ എഎന്‍ഐക്ക് അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കി. 

പൗരത്വ നിയമ ഭേദഗതി കൊണ്ടുവന്നത് നരേന്ദ്ര മോദി സര്‍ക്കാരാണ്. അത് പിന്‍വലിക്കുക അസാധ്യമാണെന്നും അമിത് ഷാ പറഞ്ഞു. സിഎഎ വിഷയത്തില്‍ വിട്ടുവീഴ്ച്ചയില്ല. രാജ്യമാകെ ബോധവല്‍ക്കരണം നടത്തും. ഇന്ത്യ മുന്നണി അധികാരത്തില്‍ വരില്ലെന്ന് അവരുടെ നേതാക്കള്‍ക്ക് തന്നെ അറിയാവുന്നതുകൊണ്ടാണ് സിഎഎ പിന്‍വലിക്കുമെന്ന് പ്രതിപക്ഷം പ്രഖ്യാപനം നടത്തുന്നത്. 

സിഎഎ ഭരണഘടനാവിരുദ്ധമല്ല. തുല്യതയ്ക്കുള്ള അവകാശത്തിന്‍റെ ലംഘനമല്ല. പാക്കിസ്ഥാന്‍, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളിലെ മത ന്യൂനപക്ഷങ്ങള്‍ മതപരമായ പീഡനം നേരിട്ട് അഭയാര്‍ഥികളായി എത്തിയാല്‍ പൗരത്വം നല്‍കേണ്ടത് ഭരണഘടനാപരവും സാമൂഹികവുമായ ഉത്തരവാദിത്വമാണ്. പൗരത്വവുമായി ബന്ധപ്പെട്ട് നിയമം കൊണ്ടുവരാനും നടപ്പാക്കാനും അധികാരം കേന്ദ്രസര്‍ക്കാരിനാണ്. സിഎഎ നടപ്പാക്കാതിരിക്കാന്‍ കഴിയില്ലെന്ന് അതിനെ എതിര്‍ക്കുന്ന മുഖ്യമന്ത്രിമാര്‍ക്കും അറിയാം. 

കോണ്‍ഗ്രസ് നേതാക്കള്‍ മുന്‍പ് സിഎഎയെ പിന്തുണച്ചിരുന്നതാണ്. ഇപ്പോള്‍ എന്തുകൊണ്ട് എതിര്‍ക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി വിശദീകരിക്കണം. കോവിഡ് മൂലമാണ് വിജ്ഞാപനം വൈകിയത്. ബിജെപിക്ക് ഇതില്‍ രാഷ്ട്രീയ താല്‍പര്യമില്ല. പ്രതിപക്ഷം ധ്രുവീകരണ രാഷ്ട്രീയത്തിന് ശ്രമിക്കുന്നു. കള്ളത്തരം പ്രചരിപ്പിക്കുന്നു. ബംഗ്ലദേശി നുഴഞ്ഞുകയറ്റക്കാരെക്കുറിച്ചും റോഹിന്‍ഗ്യകളെക്കുറിച്ചും എന്തുകൊണ്ട് പ്രതിപക്ഷം മൗനം പാലിക്കുന്നുവെന്നും അമിത് ഷാ വിമര്‍ശിച്ചു.  

 

 

 

CAA will never be taken back; Amit Shah