അരി നിറയ്ക്കാന്‍ സഞ്ചിയില്ലാത്തതിനാല്‍ കെ–റൈസ്, സപ്ലൈകോ ഗോഡൗണില്‍ തന്നെയിരിക്കും. ഇന്ന് ഉദ്ഘാടനം കഴിഞ്ഞാലും അരി ഔട്ട്‌ലെറ്റുകളിലേക്ക് ഉടനെത്തില്ലെന്ന് ഉഗ്യോഗസ്ഥര്‍ പറയുന്നു. സഞ്ചിയ്ക്കുളള ടെന്‍ഡര്‍ ഏറ്റെടുക്കാന്‍ ആളുകളെത്താത്തതാണ് കാരണം.
കേന്ദ്രത്തിന്‍റെ ഭാരത് അരിയ്ക്ക് ബദലായി സംസ്ഥാനത്തിന്‍റെ അരി. അതിനായി, പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍ നല്‍കാനായിരുന്നു നീക്കം. നേരത്തേ സപ്ലൈകോ വിതരണം ചെയ്തിരുന്ന അരിയ്ക്ക് ശബരി കെ–റൈസ് എന്ന േപര് നല്‍കി. പത്ത് കിലോ ലഭിച്ചിരുന്ന സ്ഥാനത്ത് 5 കിലോ മാത്രം. 29 രൂപ കിലോയ്ക്ക്. ഉദ്ഘാടനത്തിന് ദിവസങ്ങള്‍ മുന്‍പേ ഡിപ്പോകളില്‍ അരി എത്തിച്ചതുമാണ്. ഭാരത് അരി പോലെ നല്ലൊരു സഞ്ചിയില്‍ കെ–റൈസ് വില്‍ക്കണമെന്നായിരുന്നു സര്‍ക്കാരിന്‍റെ മോഹം. പക്ഷേ, സമയത്തിന് സഞ്ചി എത്തിയില്ല.
സഞ്ചിയൊന്നിന് 10 രൂപ ആകുമെന്നാണ് സപ്ലൈകോയുടെ കണക്കുക്കൂട്ടല്‍. ആദ്യഘട്ടത്തില്‍ ഓരോ ഡിപ്പോയ്ക്കും 500 സഞ്ചികള്‍ വാങ്ങാനാണ് നിര്‍ദേശം ലഭിച്ചിരുന്നത്. എന്നാല്‍ അരിയെത്തിയിട്ടും ജനങ്ങള്‍ക്ക് പ്രയോജനപ്പെടുന്നില്ല എന്നതാണ് നിലവിലെ അവസ്ഥ. ഇനി സഞ്ചിയെത്തിയാലും കുറച്ച് ദിവസങ്ങള്‍ കൊണ്ടുതന്നെ അരി തീരും. ചെറുപയര്‍, ഉഴുന്ന്, മുളക്, അരി എന്നിവ കുറഞ്ഞ അളവിലേ ഇത്തവണ സപ്ലൈകോ വാങ്ങിയിട്ടുള്ളൂ. 13 സബ്സിഡി ഇനങ്ങളില്‍ ഔട്‌ലെറ്റുകളില്‍ ഉള്ളത് ഒന്നോ രണ്ടോ മാത്രം.
k rice bag crisis