ഹരിയാനയില്‍ ലോക്സഭാ സീറ്റിനെച്ചൊല്ലി ബിജെപി–ജെജെപി സഖ്യത്തിലെ ഭിന്നതകള്‍ക്കിടെ മനോഹര്‍ലാല്‍ ഖട്ടര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. സ്വതന്ത്രരുടെ പിന്തുണയോടെ മുഖ്യമന്ത്രിയായി വൈകിട്ട് വീണ്ടും സത്യപ്രതിജ്ഞ ചെയ്തേക്കും. ഖട്ടര്‍ ലോക്സഭയിലേക്ക് മല്‍സരിച്ചേക്കും എന്നും അഭ്യൂഹങ്ങളുണ്ട്. നടപടികള്‍ തീരുമാനിക്കുന്നതിനായി ബിജെപി നിയമസഭാ കക്ഷിയോഗം ഉച്ചകഴിഞ്ഞ് ചേരും. ജെജെപിയുടെ നാല് എംഎല്‍എമാര്‍ ബിജെപിക്കൊപ്പം നിന്നേക്കുമെന്നാണ് സൂചന.
ഹരിയാനയിലെ 10 ലോക്സഭാ സീറ്റില്‍ രണ്ടെണ്ണം ജെജെപി ബിജെപിയോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ഉന്നയിച്ച് ജെജെപി നേതാവും ഉപമുഖ്യമന്ത്രിയുമായ ദുഷ്യന്ത് ചൗട്ടാല ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഢയെ കണ്ടിരുന്നു. 2019ല്‍ 10 സീറ്റിലും വിജയിച്ച ബിജെപി സീറ്റ് വിട്ടുനല്‍കാന്‍ തയ്യാറല്ല. ജെജെപി ഹരിയാനയിലെ ബിജെപി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചേക്കുമെന്ന സൂചനയ്ക്കിടെയാണ് മനോഹര്‍ ലാല്‍ ഖട്ടര്‍ ഗവര്‍ണറെ കണ്ട് രാജിക്കത്ത് നല്‍കിയത്.
കേന്ദ്ര മന്ത്രി അര്‍ജുന്‍ മുണ്ടയും ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി തരുണ്‍ ചുഗും ഹരിയാനയിലെത്തി. 90 അംഗ നിയമസഭയില്‍ കേവലഭൂരിപക്ഷത്തിന് വേണ്ടത് 46 പേരുടെ പിന്തുണ. ബിജെപിക്ക് 41 എംഎല്‍എമാരുണ്ട്. ജെജെപിക്ക് 10 ഉം. ജെജെപി പിന്തുണ പിന്‍വലിച്ചാല്‍ ഹരിയാനലോക്ഹിത് പാര്‍ട്ടിയുടെ ഒരു എംഎല്‍എയുടെയും 7 സ്വതന്ത്രരുടെയും പിന്തുണയോടെ ബിജെപി വീണ്ടും സര്‍ക്കാരുണ്ടാക്കും. മനോഹര്‍ ലാല്‍ ഖട്ടര്‍ തന്നെ മുഖ്യമന്ത്രിയാകുമെന്നാണ് ഹരിയാന വിദ്യാഭ്യാസമന്ത്രി കന്‍വര്‍ പാല്‍ പ്രതികരിച്ചത്.
എന്നാല്‍ കര്‍ഷക പ്രതിഷേധങ്ങളുടെയും ജാട്ട് വിഭാഗങ്ങളുടെ അതൃപ്തിയുടെ പശ്ചാത്തലത്തില്‍ ഖട്ടറെ മാറ്റുമെന്ന് അഭ്യൂഹമുണ്ട്. ഖട്ടര്‍ ലോക്സഭയിലേയ്ക്ക് മല്‍സരിക്കുന്നതും സഞ്ജയ് ഭാട്യയോ, നായബ് സൈനിയോ മുഖ്യമന്ത്രായാകുന്നതും പരിഗണനയിലുണ്ട്. ഈ വര്‍ഷം ഒക്ടോബറില്‍ നിയമസഭാ തിരഞ്ഞെടുപ്പും നടക്കും.
Haryana CM Manohar Lal Khattar resigns