pt7-eye-dfo-12
  • ഒരു വര്‍ഷമായി ആന ചികില്‍സയില്‍
  • റിപ്പോര്‍ട്ട് ഹൈക്കോടതിക്ക് സമര്‍പ്പിക്കും
  • മറ്റ് ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് ഡിഎഫ്ഒ

പാലക്കാട് ധോണിയില്‍ വനംവകുപ്പ് പിടികൂടി സംരക്ഷിക്കുന്ന കൊമ്പന്‍ പിടി സെവന്‍റെ ഇടതുകണ്ണിലെ കാഴ്ച തിരികെ കിട്ടാന്‍ സാധ്യതയില്ലെന്ന് വനംവകുപ്പ്. ഒരു വര്‍ഷമായി തുടരുന്ന ചികില്‍സയില്‍ യാതൊരു പുരോഗതിയുമില്ലെന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍. ഒരു കണ്ണിന്റെ കാഴ്ചക്കുറവ് ഒഴിച്ചാല്‍ ആന ആരോഗ്യവാനാണെന്നും പാലക്കാട് ഡി.എഫ്.ഒ ജോസഫ് തോമസ്  മനോരമ ന്യൂസിനോട് പറഞ്ഞു.

 

ആരോഗ്യവാനായ പിടി സെവന്‍ നാട്ടില്‍ തുടരുമോ കാട്ടിലേക്ക് മടങ്ങുമോ. ഈ സംശയ നിവാരണത്തിനുള്ള ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഈ സാഹചര്യത്തിലാണ് കൊമ്പന്‍റെ ആരോഗ്യസ്ഥിതി സംബന്ധിച്ചുള്ള വനംവകുപ്പിന്‍റെ സ്ഥിരീകരണം. പിടി സെവന്‍റെ ഇടത് കണ്ണിന്‍റെ കാഴ്ച വീണ്ടെടുക്കാന്‍ കഴിയില്ല. ഒരു വര്‍ഷമായി കണ്ണില്‍ മരുന്ന് ഒഴിക്കുന്നത് ഉള്‍പ്പെടെയുള്ള ചികില്‍സ തുടരുന്നുണ്ടെങ്കിലും പ്രയോജനമില്ല. വിദഗ്ധസമിതി വീണ്ടും പരിശോധിച്ച് ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

 

 

നാടിനെ വിറപ്പിച്ചിരുന്ന കൊമ്പന് കൂട്ടില്‍പ്പെടും മുന്‍പ് തന്നെ ഒരു കണ്ണിന് കാഴ്ചക്കുറവുണ്ടായിരുന്നുവെന്നാണ് വിലയിരുത്തല്‍. ഭക്ഷണം തേടാനുള്ള പ്രതിസന്ധിയിലാവും നാട് വിട്ട് കാട്ടിലേക്ക് കയറാത്തതെന്നും വനംവകുപ്പ്. കാഴ്ച പരിമിതിയുള്ള കൊമ്പനെ വനംവകുപ്പ് പ്രത്യേകം പരിചരിക്കുക മാത്രമാണ് പോംവഴി. കൃത്യമായി ഭക്ഷണം കഴിച്ച് പാപ്പാന്‍മാരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് മുന്നേറുന്ന കൊമ്പന്‍ ധോണിയിലെ പരിചരണ കേന്ദ്രവുമായി ഇണങ്ങിക്കഴിഞ്ഞു. നാട് വിറപ്പിച്ചിരുന്ന കൊമ്പനെ നിരന്തര പരാതിക്കൊടുവില്‍ കഴിഞ്ഞവര്‍ഷം ജനുവരിയിലാണ് പിടികൂടി കൂട്ടിലാക്കിയത്. 

 

No improvement in treatment,PT 7 might loss vison says DFO