caa-portal-n-12
  • സിഎഎ പൗരത്വം നല്‍കാനെന്ന് കേന്ദ്രമന്ത്രി
  • സ്വാഗതം ചെയ്ത് അഖിലേന്ത്യാ മുസ്‍ലിം ജമാഅത്ത്
  • പ്രതിഷേധം കണക്കിലെടുത്ത് രാജ്യത്ത് വന്‍ സുരക്ഷ

സിഎഎ പ്രകാരം പൗരത്വത്തിന് അപേക്ഷിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്‍റെ പോര്‍ട്ടല്‍ സജ്ജമായി. പൗരത്വം എടുത്തുകളയാനല്ല, നല്‍കാനാണ് സിഎഎ എന്ന് കേന്ദ്ര നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്‍വാള്‍ പറഞ്ഞു. സിഎഎയെ അഖിലേന്ത്യാ മുസ്‍ലിം ജമാഅത്ത് സ്വാഗതം ചെയ്തു. അതിനിടെ പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ സുരക്ഷ വര്‍ധിപ്പിച്ചു. സിഎഎ മുസ്‍ലിംവിരുദ്ധമല്ലെന്നും അതിന്‍റെ പേരില്‍ പിണറായി വിജയന്‍ ജനങ്ങളെ മഠയന്മാരാക്കരുതെന്നും ബിജെപി നേതാവ് പ്രകാശ് ജാവഡേക്കര്‍ പ്രതികരിച്ചു.

 

കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്‍റെ indiancitizenshiponline.nic.in പോര്‍ട്ടല്‍ വഴി സിഎഎ പ്രകാരം പൗരത്വത്തിന് അപേക്ഷിക്കാം. അപേക്ഷ പൂര്‍ണമായും ഒാണ്‍ലൈനായി നല്‍കാം. മൊബൈല്‍ ഫോണ്‍ നമ്പറും ഇമെയില്‍ വിലാസവും നല്‍കി ഒടിപി വഴി പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്യാം. 2014 ഡിസംബര്‍ 31ന് മുന്‍പ് പാക്കിസ്ഥാന്‍, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് മതപീഡനങ്ങള്‍ മൂലം അഭയാര്‍ഥികളായി ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, ജൈന, ക്രിസ്ത്യന്‍, ബുദ്ധ, പാഴ്സി വിഭാഗങ്ങള്‍ക്കാണ് സിഎഎ വഴി പൗരത്വത്തിന് അര്‍ഹത. ആഭ്യന്തരമന്ത്രാലയത്തിന്‍റ കണക്ക് അനുസരിച്ച് 31,000ലധികം അഭയാര്‍ഥികള്‍ക്ക് ഗുണം ചെയ്യും. അപേക്ഷകള്‍ പരിശോധിക്കാന്‍ സെന്‍സസ് നടപടി ക്രമങ്ങളുടെ ഡയറക്ടറുടെ നേതൃത്വത്തില്‍ സമിതിയുണ്ട്. 

 

പൗരത്വം എടുത്തുകളയാനല്ല, നല്‍കാനാണ് സിഎഎ എന്നും പ്രതിപക്ഷം എന്തിനാണ് പ്രതിഷേധിക്കുന്നതെന്ന് മനസിലാകുന്നില്ലെന്നും കേന്ദ്ര നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്​വാള്‍ കൂട്ടിച്ചേര്‍ത്തു. സിഎഎയെക്കുറിച്ച് മുസ്‍ലിംകള്‍ക്കിടയില്‍ തെറ്റിദ്ധാരണയുണ്ടെന്നും രാഷ്ട്രീയ താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തി ചിലര്‍ ഇടപെടുന്നുണ്ടെന്നും അഖിലേന്ത്യ മുസ്‍ലിം ജമായത്ത് അധ്യക്ഷന്‍ മൗലനാ ഷഹാബുദീന്‍ റസ്‍വി ബറെല്‍വി പ്രതികരിച്ചു.  

 

CAA implementation; MHA opens web portal to apply for Indian citizenship