ShafiParambil

വടകരയിലെ സ്ഥാനാർഥിത്വത്തിൽ ഷാഫി പറമ്പിൽ എം.എൽ.എയ്ക്ക് കടുത്ത അതൃപ്തി. മൽസരത്തിൽ നിന്നും തന്നെ ഒഴിവാക്കണമെന്ന നിലപാട് രാത്രിയിൽ തന്നെ ഷാഫി അടുപ്പമുള്ള കേന്ദ്ര, സംസ്ഥാന നേതാക്കളെ അറിയിച്ചു. വടകരയിലെ അഭിമാന പോരാട്ടത്തിന് കരുത്തുറ്റ സ്ഥാനാർഥിയെ വേണമെന്നും മികച്ച അവസരമാണ് പാർട്ടി നൽകുന്നതെന്നും കേന്ദ്ര നേതൃത്വം ഷാഫിയെ ധരിപ്പിക്കുകയായിരുന്നു.

 

പാലക്കാട്ടെ തട്ടകം വിട്ട് വടകരയിലെ കളരിത്തട്ടിലിറങ്ങാൻ പാർട്ടി നിയോഗിക്കുമെന്ന് ഒരിക്കലും കരുതിയില്ലെന്ന് ഷാഫി. മാനസികമായി പൊരുത്തപ്പെടാൻ കഴിയാത്ത കാര്യത്തിൽ പാർട്ടി പുനരാലോചിക്കണം എന്നായിരുന്നു ഷാഫിയുടെ നിലപാട്. വിജയസാധ്യതയാണ് പാർട്ടിക്ക് പ്രധാനമെന്നും യുവ നേതാവിന് ലഭിച്ച മികച്ച അവസരം തള്ളിക്കളയരുതെന്നും നേതാക്കൾ വ്യക്തമാക്കി. മനസില്ലാ മനസോടെയാണെങ്കിലും വടകര തട്ടകത്തിൽ പയറ്റിനിറങ്ങാൻ ഷാഫി സമ്മതം അറിയിച്ചു. മുതിർന്ന നേതാക്കളുടെ പിന്തുണയിൽ താൻ സാധാരണ പാർട്ടി പ്രവർത്തകനാണെന്നും നേതൃത്വം ആവശ്യപ്പെടുന്ന ഏത് തീരുമാനവും താൻ അംഗീകരിക്കുമെന്ന നിലയിലേക്കും ഷാഫി എത്തി. ഇതിനിടയിൽ ഷാഫിയെ വടകരയിലേക്ക് സ്വാഗതം ചെയ്ത് കോഴിക്കോടെ മുതിർന്ന നേതാക്കൾ ഉൾപ്പെടെ സംസാരിക്കുന്നുണ്ടായിരുന്നു. അതൃപ്തിയിൽ യാതൊരു പരസ്യ നിലപാടും പാടില്ലെന്ന മുന്നറിയിപ്പും കേന്ദ്ര നേതാക്കൾ ഷാഫിക്ക് നൽകിയിരുന്നു.

 

കഴിഞ്ഞ തവണ ഷാഫിയിലൂടെ മൂന്നാം വട്ടവും യുഡിഎഫ് പാലക്കാട് നിയമസഭാമണ്ഡലം നിലനിർത്തിയെങ്കിലും കാര്യമായി വിയർപ്പൊഴുക്കേണ്ടി വന്നിരുന്നു. പാലക്കാട് ഉപതെരഞ്ഞെടുപ്പ് സാധ്യതയുണ്ടായാൽ മണ്ഡലം നിലനിർത്താൻ കഴിയുമോ എന്ന സംശയവും നേതാക്കൾ പങ്കുവയ്ക്കുന്നുണ്ട്.