elephant-calf-plkd-06
  • കുടുങ്ങിയത് ആനക്കൂട്ടത്തിനൊപ്പം വെള്ളം കുടിക്കാനിറങ്ങിയ കുട്ടിക്കൊമ്പൻ
  • ചെളിയില്‍ കുടുങ്ങിയത് ഒരു മണിക്കൂറോളം
  • ഓലമടൽ ഉപയോഗിച്ച് വഴിയൊരുക്കി വനം വകുപ്പ്

പാലക്കാട് മലമ്പുഴ ഡാമിൽ അകപ്പെട്ട കുട്ടിക്കൊമ്പനെ വനം വകുപ്പ് രക്ഷപ്പെടുത്തി. മലമ്പുഴ കവ ഭാഗത്താണ് മൂന്ന് വയസ് പ്രായം തോന്നിക്കുന്ന കുട്ടിയാന ഒരു  മണിക്കൂറിലധികം ചെളിയില്‍ കുടുങ്ങിയത്. ആനക്കൂട്ടത്തിനൊപ്പം വെള്ളം കുടിക്കാനിറങ്ങിയ കുട്ടിക്കൊമ്പൻ ചെളിയില്‍ അകപ്പെടുകയായിരുന്നു. ഓലമടൽ ഉപയോഗിച്ച് വഴിയൊരുക്കിയാണ് വനം വകുപ്പ് കുട്ടിയാനയെ രക്ഷപ്പെടുത്തിയത്. കുട്ടിയാന കരയിലേക്ക് കയറും വരെ ഡാമിനോട് ചേർന്ന് ആനക്കൂട്ടം നിലയുറപ്പിച്ചിരുന്നതായി വാളയാർ റേഞ്ച് ഓഫീസർ എസ്.മുഹമ്മദലി ജിന്ന മനോരമ ന്യൂസിനോട് വെളിപ്പെടുത്തി. വിഡിയോ റിപ്പോര്‍ട്ട് കാണാം.

മൂന്ന് വയസ് പ്രായം തോന്നിക്കുന്ന കുട്ടിക്കൊമ്പനെ എട്ട് മണിയോടെയാണ് ചെളിയില്‍ കുടുങ്ങിയ നിലയില്‍ സമീപത്തെ തോട്ടം തൊഴിലാളി കണ്ടത്. ആനക്കൂട്ടത്തിനൊപ്പം ‍ഡാമില്‍ വെള്ളം കുടിക്കാനിറങ്ങി പിന്നീട് കരയിലേക്ക് കയറാന്‍ കഴിയാത്തതെന്ന് വ്യക്തമായി. ആര്‍ആര്‍ടി സംഘം സ്ഥലത്തെത്തുമ്പോള്‍ കരയില്‍ കുട്ടിയുടെ വരവും പ്രതീക്ഷിച്ച് കൊമ്പന്‍ ഉള്‍പ്പെടെ ആനക്കൂട്ടം. ഓലമടല്‍ പിന്നീട് രക്ഷാദൗത്യത്തിന് കരുത്തായി. 

ചൂട് കനക്കുന്നതിനാല്‍ മലമ്പുഴ ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ കാട്ടാനക്കൂട്ടം പതിവായി തമ്പടിക്കുന്നുണ്ട്. രാവിലെയും വൈകിട്ടും ഡാമിലിറങ്ങി വെള്ളം കുടിക്കും. ഈ സാഹചര്യം കണക്കിലെടുത്ത് വനംവകുപ്പ് ദൗത്യസംഘത്തെ 24 മണിക്കൂറും നിരീക്ഷണത്തിനായി ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് പാലക്കാട് ഡിഎഫ്ഒ അറിയിച്ചു. 

 

Forest officers rescued elephant calf from Malambuzha dam