crime-scene

കാസർകോട് കുറ്റിക്കോലിൽ മദ്യപാനത്തിനിടെയുണ്ടായ വാക്കുതർക്കത്തിൽ ജ്യേഷ്ഠൻ അനുജനെ വെടിവെച്ച് കൊന്നു. കുറ്റിക്കോൽ നൂഞ്ഞങ്ങാനം സ്വദേശി  അശോകനാണ് മരിച്ചത്. ജ്യേഷ്ഠൻ ബാലകൃഷ്ണനെ ബേഡകം പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രിയായിരുന്നു സംഭവം. അശോകനും ഭാര്യയ്ക്കുമൊപ്പം കുടുംബവീട്ടിലാണ് ബാലകൃഷ്ണൻ താമസിച്ചിരുന്നത്. വൈകിട്ട് മദ്യപാനത്തിനിടെ ഇരുവരും തമ്മിൽ വാക്കു തർക്കമുണ്ടായി.

ഇതിനിടയിൽ അശോകൻ ബാലകൃഷ്ണനെ കല്ലുകൊണ്ട് ആക്രമിച്ചു. പിന്നാലെ രാത്രിയിൽ നാടൻ തോക്കുമായി എത്തിയ ബാലകൃഷ്ണൻ അശോകനെ  വെടിവെക്കുകയായിരുന്നു. കാൽമുട്ടിന് മുകളിൽ വെടിയേറ്റ അശോകൻ ആശുപത്രിയിൽ എത്തിക്കുന്നതിന് മുൻപേ രക്തം വാർന്ന് മരിച്ചു. ബാലകൃഷ്ണൻ ജോലി ചെയ്യുന്ന വീട്ടിൽ നിന്നാണ് നാടൻ സംഘടിപ്പിച്ചത്. ഈ തോക്കിന് ലൈസൻസുണ്ട്. തോക്കുടമയേയും പ്രതി ചേർക്കാനാണ് പൊലീസിന്റെ തീരുമാനം. പോസ്റ്റ്മോർട്ടത്തിന്  ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.

 

 Man kills brother in kasaragod kuttikol