• ശരീരത്തില്‍ 3 ദിവസം വരെ പഴക്കമുള്ള പരുക്ക്
  • വടി, പട്ടിക പോലുള്ള വസ്തു കൊണ്ട് മുതുകത്ത് ഇടിച്ചെന്ന് പോസ്റ്റ്​മോര്‍ട്ടം റിപ്പോര്‍ട്ട്
  • സിദ്ധാര്‍ഥന്‍ നേരിട്ടത് അവിശ്വസനീയ മര്‍ദനമെന്ന് ദൃക്സാക്ഷികള്‍

വയനാട് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ഥി സിദ്ധാര്‍ത്ഥ് മരിക്കുന്നതിന് മുമ്പ് അതിക്രൂരമായ മര്‍ദനത്തിന് ഇരയായെന്നത് സ്ഥിരീകരിച്ച് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. മരിക്കുന്നതിന് മുമ്പ് മൂന്ന് ദിവസം വരെ പഴക്കമുള്ള പരുക്കുകളാണ് ദേഹത്തുള്ളത്. അതേസമയം സിദ്ധാര്‍ത്ഥിന്‍റേത് തൂങ്ങി മരണമാണെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.

 

അവിശ്വസീനയവും അതിനീചവുമായ ആള്‍ക്കൂട്ട  വിചാരണയ്ക്ക് സിദ്ധാര്‍ഥന്‍ ഇരയായെന്ന് വിദ്യാര്‍ഥികളും വെളിപ്പെടുത്തുന്നു. പതിനാലാം തിയതി സിദ്ധാര്‍ഥിനെ പ്രതികള്‍ സംഘം ചേര്‍ന്ന് ചോദ്യം ചെയ്തുവെന്നും തുടര്‍ന്ന് മര്‍ദിച്ചുവെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. പതിനാറിന് ക്യാംപസിലെ പാറപ്പുറത്തും വാട്ടര്‍ടാങ്കിന് സമീപത്ത് വച്ചും മര്‍ദിച്ചു. പതിനേഴാം തിയതി ഹോസ്റ്റലിന്‍റെ നടുമുറ്റത്ത് വച്ച് പരസ്യമായി വിചാരണ ചെയ്തുവെന്നും നഗ്നനാക്കി മര്‍ദിച്ചുവെന്നും വിദ്യാര്‍ഥികള്‍ തുറന്ന് പറയുന്നു.പതിനെട്ടിന് രാവിലെയും മര്‍ദിച്ചതിന് പിന്നാലെ ഉച്ചയ്ക്ക് ഒന്നരയോടെ സിദ്ധാര്‍ഥനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

 

സിദ്ധാര്‍ത്ഥിന്‍റെ ശരീരത്തില്‍ പതിനെട്ട് പരുക്കുകളാണ് പോസ്റ്റു​മോര്‍ട്ടത്തില്‍ കണ്ടെത്തിയത്. രണ്ടെണ്ണം തൂങ്ങിയപ്പോള്‍ ഉണ്ടായതാണ്. ഇവയാണ് മരണ കാരണവും. ബാക്കി പതിനാറ് പരുക്കുകളില്‍ ഭൂരിഭാഗവും സിദ്ധാര്‍ത്ഥ് മരിക്കുന്നതിന് രണ്ടോ മുന്നോ ദിവസങ്ങള്‍ക്കുള്ളില്‍ സംഭവിച്ചതാകാനാണ് സാധ്യത. ഈ ദിവസങ്ങളില്‍ മകനെ ഫോണില്‍ വിളിച്ച് കിട്ടിയില്ലെന്ന് അമ്മ തന്നെ പറയുന്നു. 

 

രണ്ട് പരുക്കുകള്‍ മര്‍ദ്ദനം നടന്നതിന്‍റെ നേരിട്ടുള്ള തെളിവുകളാണ്. 1. റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്ന ഇഞ്ചുറി നമ്പര്‍ 12. വടി, പട്ടിക പോലുള്ള വസ്തു കൊണ്ട് മുതുകത്ത് ഇടിച്ചതില്‍ നിന്നുണ്ടായതാണ്. 2. ഇഞ്ചുറി മ്പര്‍ 14 ചവിട്ടുകയോ ഇടിക്കുകയോ ചെയ്തതില്‍ നിന്ന് വയറിന് ഉണ്ടായിട്ടുള്ള ചതവ്. ഇഞ്ചുറി നമ്പര്‍ 1 ആയി രേഖപ്പെടുത്തിയിട്ടുള്ള തലയക്ക് പിറകിലെ പരുക്ക് തലയിടിച്ച് വീണാല്‍ സംവഭിക്കുന്നതാണ്. ഇതും മര്‍ദ്ദനത്തിനിടെ സംഭവിച്ചതാകാം. പക്ഷെ ഈ പരിക്കുകളൊന്നും മരണ കാരണമായി റിപ്പോര്‍ട്ടില്‍ പറയുന്നില്ല. മര്‍ദ്ദനത്തില്‍ ആന്തരിക അവയവങ്ങള്‍ക്ക് ക്ഷതമേറ്റതായും വിവരമില്ല. 

 

Siddharth was stripped and thrashed infornt of hostelmates reveals students, postmotrem report