മൂന്നാറില്‍ കാട്ടാനയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപെട്ടിട്ടും റജീനയ്ക്ക് നടുക്കം മാറുന്നില്ല. കന്നിമല എസ്റ്റേറ്റ് ടോപ്പില്‍ എത്തുന്നതിന് മുന്‍പ് തങ്ങള്‍ സഞ്ചരിച്ച ഓട്ടോയെ ഒറ്റയാന്‍ ആക്രമിക്കുകയായിരുന്നുവെന്ന് പരുക്കേറ്റ ഇതരസംസ്ഥാന തൊഴിലാളിയായ റജീന പറയുന്നു. ഇന്നലെ രാത്രി ഒന്‍പതരയോടെയായിരുന്നു സംഭവം. വഴിയില്‍ നിന്നിരുന്ന കാട്ടാന ഓട്ടോ കുത്തിമറിച്ചിട്ടതോടെ ഡ്രൈവര്‍ സുരേഷ് അടിയില്‍പ്പെട്ടു. ഇയാളെ മൂന്ന് തവണ ആന തുമ്പിക്കൈക്ക് ചുഴറ്റിയെറിഞ്ഞുവെന്ന് റജിന പറയുന്നു. റജീനയുടെ ഭര്‍ത്താവ് എസക്കി രാജയെ ആന എടുത്തെറിഞ്ഞുവെന്നും അങ്ങനെയാണ് പരുക്കേറ്റതെന്നും അവര്‍ വെളിപ്പെടുത്തി.
പുറകില്‍ ജീപ്പിലെത്തിയവരാണ് തങ്ങളെ രക്ഷപ്പെടുത്തിയത്. പേടി ഇപ്പോഴും വിട്ടുമാറിയിട്ടില്ലെന്നും റജീന പറയുന്നു. ഓട്ടോയിലുണ്ടായിരുന്ന ഇവരുടെ മകള്‍ പ്രിയ പരുക്കേല്‍ക്കാതെ രക്ഷപെട്ടു. കാട്ടാനയുടെ ആക്രമണത്തില്‍ പരുക്കേറ്റ റജീനയെയും എസക്കിയെയും സുരേഷിനെയും ആശുപത്രിയല്‍ എത്തിച്ചുവെങ്കിലും സുരേഷിന്‍റെ ജീവന്‍ രക്ഷിക്കാനായില്ല.
അതേസമയം മൂന്നാറില്‍ എല്‍ഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുകയാണ്. നാട്ടുകാര്‍ വാഹനങ്ങള്‍ തടയുന്നു. വന്യജീവി ആക്രമണം തടയാന്‍ വനംവകുപ്പ് നടപടിയെടുക്കുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു. രണ്ടുമാസത്തിനിടെ കാട്ടാനയുടെ ആക്രമണത്തില്‍ മൂന്നാറില്‍ കൊല്ലപ്പെടുന്ന നാലാമത്തെയാളാണ് സുരേഷ്കുമാര്‍.
Wild elephant attack; Protest in Munnar