കെ.സി രാമചന്ദ്രന്‍ (വലത്തേയറ്റം)
ടിപിയുടെ തല റോഡിൽ തെങ്ങിൻ പൂക്കുല പോലെ ചിതറുമെന്ന കെ.കെ.കൃഷ്ണന്‍റെ പ്രസംഗം നടപ്പാക്കുകയാണ് പ്രതികൾ ചെയ്തതെന്ന് പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ. ദീർഘകാലത്തെ ഗൂഢാലോചനക്ക് ശേഷമാണ് ടി.പിയുടെ കൊലപാതകം നടന്നത്. പ്രതികളുടെ ശിക്ഷ വർധിപ്പിക്കണമെന്ന വാദത്തിലായിരുന്നു പ്രോസിക്യൂഷൻ കെ.കെ.കൃഷ്ണന്‍റെ പ്രസംഗം വീണ്ടും പരാമർശിച്ചത്. നിഷ്ഠൂരമായ കൊലപാതകത്തിന്റെ ക്രിമിനൽ ഗൂഢാലോചനയിൽ പ്രതികൾക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ എന്ത് കൊണ്ട് വധശിക്ഷ നൽകികൂടെന്ന് കോടതി ചോദിച്ചു.
ടി.പി.ചന്ദ്രശേഖരനെ കൊലപ്പെടുത്തിയത് പെട്ടെന്നുണ്ടായ വികാരത്തിന്‍റെ പുറത്തല്ല എന്നതിന് കെ.കെ.കൃഷ്ണന്‍റെ ഈ പ്രസംഗമാണ് പ്രോസിക്യൂഷൻ പ്രധാനമായും ചൂണ്ടിക്കാണിച്ചത്. അതിക്രൂരമായാണ് ചന്ദ്രശേഖരനെ പ്രതികൾ വെട്ടിക്കൊലപ്പെടുത്തിയത്. നെഞ്ചിലും, മുഖത്തും, തലയിലും വെട്ടേറ്റിരുന്നു. മുഖം കുടുംബത്തിന് കാണാൻ പറ്റാത്ത തരത്തിൽ വെട്ടിനുറുക്കി. പ്രതികൾക്ക് നവീകരണത്തിന് സാധ്യത ഇല്ലെന്നും, അതിനാൽ വധശിക്ഷ തന്നെ നൽകണമെന്നുമാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്.
താനുമൊരു രാഷ്‌ടീയ പ്രവർത്തകയാണെന്നും, തന്‍റെ ജീവന് ഇനി ഭീഷണി ഉണ്ടാകാതിരിക്കാൻ ഈ വിധി സഹായകരമാകണമെന്നും കെ.കെ.രമയും വാദിച്ചു. അതേസമയം രാഷ്ട്രീയ കൊലപാതകങ്ങൾ കേരളത്തിൽ സാധാരണമാണെന്നും അപൂർവങ്ങളിൽ അപൂർവ്വമല്ല ടിപിയുടെ കൊലപാതകം എന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. എന്നാൽ ഇക്കാര്യം അംഗീകരിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ടി.പി.ചന്ദ്രശേഖരനുമായി യാതൊരു ബന്ധവുമില്ലാത്ത വാടക കൊലയാളികളാണ് പ്രതികൾ. നിഷ്ഠൂരവും പൈശാചികവുമായ തരത്തിലുള്ള കൊലപാതകമാണ് പ്രതികർ നടത്തിയത്. ഇവർക്ക് ക്രിമിനൽ ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ എന്ത് കൊണ്ട് വധശിക്ഷ നൽകികൂടെന്നും കോടതി ചോദിച്ചു.
TP Case in High court