TAGS

കായംകുളത്ത് മകൻ അമ്മയെ മർദിച്ചു കൊലപ്പെടുത്തി. പുതുപ്പള്ളി പണിക്കശ്ശേരിയിൽ ശാന്തമ്മ‌യാണ് മരിച്ചത്. ഇളയ മകൻ ബ്രഹ്മദേവനെ കായംകുളം പോലീസ് അറസ്റ്റ് ചെയ്തു. തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടത്തിലാണ് തെളിഞ്ഞത്. കഴിഞ്ഞ ദിവസം രാവിലെ 71 കാരിയായ ശാന്തമ്മയെ വീടിനുള്ളിൽ അനക്കമറ്റ നിലയിൽ നിലയിൽ കണ്ടെത്തിയത്. ഇവരെ ആദ്യം അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചനിലയിൽ ആയതിനാൽ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടു പോകാൻ നിർദ്ദേശിച്ചു. 

 

ഇന്നലെ പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം സംസ്കരിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മരണകാരണം തലയ്ക്കേറ്റ ശക്തമായ ക്ഷതമാണെന്ന് രേഖപ്പെടുത്തിയിരുന്നു. തുടർന്ന് ഇവർക്കൊപ്പം താമസിക്കുന്ന ഇളയ മകൻ ബ്രഹ്മദേവനെ പൊലിസ് തുടർച്ചയായി ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചു. കഴിഞ്ഞ ദിവസം രാത്രി തൊട്ടടുത്തുള്ള ക്ഷേത്രത്തിലെ ഉൽസവത്തിൽ പങ്കെടുത്ത ശേഷം മദ്യപിച്ചെത്തിയ മകൻ ബ്രഹ്മദേവനും ശാന്തമ്മയുമായി വഴക്കുണ്ടായി. വഴക്കിനിടെ ശാന്തമ്മയെ മർദിക്കുകയും തലപിടിച്ച് ഭിത്തിയിലിടിക്കുകയും ചെയ്തതായി ബ്രഹ്മദേവൻ പൊലീസിനോട് പറഞ്ഞു. രാവിലെ ശാന്തമ്മ അനക്കമില്ലാതെ കിടക്കുന്നത് കണ്ട് അയൽക്കാരെ വിളിച്ചു കൂട്ടി തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു. 

 

ശാന്തമ്മയും മകൻ ബ്രഹ്മദേവനും മാത്രമായിരുന്നു വീട്ടിൽ താമസിച്ചിരുന്നത്. പതിവായി മദ്യപിച്ച് വീട്ടിലെത്തുന്ന ബ്രഹ്മദേവനും അമ്മയും തമ്മിൽ വഴക്ക് പതിവായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. ഫൊറൻസിക് സംഘവും വിരലടയാള വിദഗ്ധരും വീട്ടിലെത്തിയിരുന്നു. 

Son killed mother