മലപ്പുറം എടവണ്ണപ്പാറയില്‍ 17 വയസുകാരിയെ ചാലിയാറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ കരാട്ടെ അധ്യാപകന്‍ അറസ്റ്റില്‍. ഊര്‍ക്കടവിലെ സിദ്ദിഖലിയേയാണ് വാഴക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയെ കരാട്ടെ അധ്യാപകന്‍ പീഡനത്തിന് ഇരയാക്കിയിരുന്നുവെന്ന വിവരമടക്കമുളള കുടുംബത്തിന്‍റെ പരാതി മനോരമ ന്യൂസാണ് പുറത്തുകൊണ്ടുവന്നത്.
പെണ്‍കുട്ടി കരാട്ടെ അധ്യാപകന്‍റെ പീഡനത്തിന് ഇരയായി എന്ന് സഹോദരിമാര്‍ തന്നെ മനോരമ ന്യൂസിനോട് വ്യക്തമാക്കിയിരുന്നു. ഒപ്പമുളള മറ്റു കുട്ടികള്‍ക്കും ദുരനുഭവമുണ്ടായി എന്ന കുടുംബത്തിന്‍റെ പ്രതികരണത്തിന് പിന്നാലെയാണ് പൊലീസ് സിദ്ദീഖലിയെ കസ്റ്റഡിയില്‍ എടുത്തത്.
സിദ്ദീഖലിക്കെതിരെ പോക്സോ അടക്കമുളള വകുപ്പുകള്‍ ചുമത്തിയാണ് കേസ്. വിശദമായ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടു കൂടി ലഭിച്ച ശേഷം ആവശ്യമെങ്കില്‍ കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കും. തിങ്കളാഴ്ച വൈകിട്ട് ആറിന് കാണാതായ 17കാരിയെ വീട്ടില്‍ നിന്ന് നൂറു മീറ്റര്‍ മാറി ചാലിയാറില്‍ മരിച്ച നിലയിലാണ് കണ്ടെത്തിയത്. മൃതദേഹത്തില്‍ നിന്ന് മേല്‍വസ്ത്രം നഷ്ടമായതില്‍ അടക്കം ദുരൂഹതകള്‍ ഏറെയുണ്ടെന്ന് ബന്ധുക്കളും നാട്ടുകാരുടെ പറയുന്നു. കരാട്ടെക്ക് ബ്ലാക്ക് ബെല്‍റ്റുളള പഠനനിലവാരത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന പെണ്‍കുട്ടിയേയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
Karate trainer arrested in pocso case, Edavannappara