ആളെക്കൊല്ലി കാട്ടാന ബേലൂര്‍ മഖ്ന വീണ്ടും ജനവാസ കേന്ദ്രത്തില്‍ . കബനി കടന്ന് മരക്കടവിലെ പുഴയോരത്തെ കൃഷിയിടത്തിലാണ് ആനയെത്തിയത്. ഇന്നലെ രാത്രിയോടെയാണ് ആന ബൈരക്കുപ്പ വനത്തില്‍ നിന്നും പുറത്തിറങ്ങിയത്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് അറിയിച്ചു.
അതിനിടെ, വയനാട്ടിലെ വന്യമൃഗ ആക്രമണവും പ്രശ്നങ്ങളും ചർച്ചചെയ്യാൻ ഇന്ന് മന്ത്രിമാരുടെ നേതൃത്വത്തിൽ സർവകക്ഷി യോഗം. വനംമന്ത്രി എ.കെ.ശശീന്ദ്രൻ, മന്ത്രിമാരായ എം.ബി. രാജേഷ്, കെ. രാജൻ എന്നിവരുടെ നേതൃത്വത്തിൽ സുൽത്താൻബത്തേരിയിൽ രാവിലെ പത്തിനാണ് യോഗം. വന്യജീവി ആക്രമണത്തിനിരയായവരുടെ ആശ്രിതർക്ക് നൽകാനുള്ള നഷ്ടപരിഹാര കുടിശിക വിതരണം ചെയ്യുന്നത് സംബന്ധിച്ച് യോഗത്തിൽ പ്രഖ്യാപനമുണ്ടായേക്കും. മുഖ്യമന്ത്രി വയനാട്ടിലെ ജനപ്രതിനിധികളുമായി നടത്തിയ ചർച്ചയിലെടുത്ത തീരുമാനങ്ങളിലെ നടപടികളും പ്രഖ്യാപിച്ചേക്കും.
സർക്കാരിൽ വീഴ്ച ആരോപിച്ച് യുഡിഎഫ് പ്രതിഷേധമറിയിക്കും. യോഗത്തിൽ പങ്കെടുക്കില്ലെന്ന നിലപാടിലാണ് ബി.ജെ.പി . സർവകക്ഷിയോഗത്തിനുശേഷം 11.30ന് ജില്ലയിലെ തദ്ദേശ ജനപ്രതിനിധികളുമായും മന്ത്രിമാർ ചർച്ച നടത്തും. വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ വീടുകളും സന്ദർശിക്കും. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് മന്ത്രിമാരുടെ നേതൃത്വത്തിൽ യോഗം ചേരുന്നത്.
Belur Makhna spotted at Marakkadavu, wayanad, high alert