ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതികളുടെ ശിക്ഷ ഹൈക്കോടതി ശരിവച്ചു. കെ.കെ.കൃഷ്ണനെയും ജ്യോതി ബാബുവിനെയും വെറുതെവിട്ടത് റദ്ദാക്കി. വിധി ചോദ്യം ചെയ്തുള്ള അപ്പീലുകളിലാണ് ഹൈക്കോടതി വിധി. പ്രതികളും സർക്കാരും ടിപിയുടെ ഭാര്യ കെ.കെ.രമ എംഎൽഎയും നൽകിയ അപ്പീലുകളിലാണ് ഡിവിഷൻ ബെഞ്ച് വിധി പറഞ്ഞത്. അപ്പീൽ നൽകി പത്താം വർഷത്തിലാണ് ഹൈക്കോടതി വിധി പറയുന്നത്.
ആർ.എം.പി നേതാവായിരുന്ന ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ 36 പ്രതികളിൽ 12 പേരെയാണ് 2014ൽ വിചാരണ കോടതി ശിക്ഷിച്ചത്. ഇതിനെതിരെയാണ് ശിക്ഷിക്കപ്പെട്ട പ്രതികളും, പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്നാവശ്യപ്പെട്ട് സർക്കാരും, സിപിഎം നേതാവ് പി.മോഹനൻ ഉൾപ്പെടെയുള്ള പ്രതികളെ വിട്ടയച്ചതിനെതിരെ കെ.കെ.രമയും അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസുമാരായ ജയശങ്കരൻ നമ്പ്യാർ, കൗസർ എടപ്പഗത്ത് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് അപ്പീലുകളിൽ വിധി പറഞ്ഞത്. എം.സി.അനൂപ്, കിർമാണി മനോജ്, കൊടി സുനി, ടി. കെ. രജീഷ്, സിപിഎം പാനൂർ ഏരിയ കമ്മിറ്റി അംഗമായിരുന്ന പി. കെ. കുഞ്ഞനന്തൻ തുടങ്ങി 11 പ്രതികളെ ജീവപര്യന്തം തടവിനും, കണ്ണൂർ സ്വദേശി ലംബു പ്രദീപിനെ 3 വർഷത്തെ തടവിനുമാണ് വിചാരണ കോടതി ശിക്ഷിച്ചിരുന്നത്. കേസിലെ ഒന്നു മുതൽ ഏഴ് വരെയുള്ള പ്രതികളാണ് കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തവർ. കേസിലെ 13-ാം പ്രതിയായ കുഞ്ഞനന്തൻ ശിക്ഷ അനുഭവിക്കുന്നതിനിടെ 2020 ജൂൺ 11 ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ച് മരിച്ചിരുന്നു. കേസിൽ സിപിഎം നേതാവായ പി.മോഹനൻ ഉൾപ്പെടെ 24 പേരെ വിട്ടയച്ചിരുന്നു. ഇത് ചോദ്യം ചെയ്താണ് ടി.പി.ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ.രമ എം.എൽ.എയുടെ അപ്പീൽ.
എഫ്ഐആറിൽ കൃത്യമായി എത്ര പ്രതികളുണ്ടെന്ന് പറയുന്നില്ലെന്നും, പലരെയും കേസിൽ പ്രതി ചേർത്തതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നുമായിരുന്നു പ്രതികളുടെ പ്രധാന വാദം. വടകരയ്ക്കടുത്ത് വള്ളിക്കാട് വച്ച് 2012 മേയ് 4ന് ആർഎംപി സ്‌ഥാപക നേതാവ് ടി.പി.ചന്ദ്രശേഖരനെ ഒരു സംഘം ബോംബെറിഞ്ഞ് വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സിപിഎം വിട്ട് ഒഞ്ചിയത്ത് ആർഎംപി എന്ന പാർട്ടിയുണ്ടാക്കിയതിന്‍റെ പക തീർക്കാൻ സിപിഎമ്മുകാരായ പ്രതികൾ ചന്ദ്രശേഖരനെ വെട്ടി കൊലപ്പെടുത്തിയെന്നാണ് കേസ്.
The Kerala High Court upheld the conviction of 10 accused in the TP Chandrasekaran murder case