പ്രധാനമന്ത്രി നരേന്ദ്ര മോദി കർഷകരെ കാണുന്നത് കുടുംബാംഗങ്ങളെപ്പോലെയാണെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. കർഷക ക്ഷേമത്തിനായി മുൻ സർക്കാരുകളേക്കാൾ കൂടുതൽ മോദി സർക്കാർ പ്രവർത്തിച്ചുവെന്നും ബിജെപി നേതൃയോഗത്തിൽ രാജ്നാഥ് സിങ് പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ ആവിഷ്ക്കരിക്കാനുള്ള രണ്ട് ദിവസത്തെ നേതൃയോഗത്തിന്റെ അവസാന ദിനമായ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിനിധികളെ അഭിസംബോധന ചെയ്യും. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായുള്ള മാർഗനിർദേശം മോദി നൽകും. അയോധ്യയിൽ രാമക്ഷേത്രം മുൻപ് നിശ്ചയിച്ച ഇടത്തിൽ തന്നെയാണ് നിർമിച്ചതെന്ന് യോഗത്തിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. രാജ്യാന്തര രംഗത്തെ പ്രതിസന്ധികൾക്കിടയിലും ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ വളർന്നുവെന്ന് ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിൽ 370 സീറ്റ് നേടുകയെന്നത് ജമ്മുകശ്മീരിന്റെ പ്രത്യേക പദവിക്കെതിരെ ശബ്ദമുയർത്തിയ ജനസംഘ സ്ഥാപകൻ ശ്യാമപ്രസാദ് മുഖർജിയോടുള്ള ആദരവായിരിക്കുമെന്ന് ബിജെപി ദേശീയ ഭാരവാഹിയോഗത്തിൽ മോദി പറഞ്ഞു.
അതിനിടെ, താങ്ങ് വില ഉറപ്പാക്കണമെന്ന ആവശ്യം ഉന്നയിച്ച് സമരം തുടരുന്ന കർഷകരുമായി കേന്ദ്രസർക്കാർ ഇന്ന് നാലാം വട്ട ചർച്ച നടത്തും. ചണ്ഡീഗഡിൽ വൈകിട്ട് ആറ് മണിക്കാണ് ചർച്ച. കേന്ദ്രമന്ത്രിമാരായ പിയൂഷ് ഗോയൽ, അർജുൻ മുണ്ട, നിത്യാനന്ദ് റായ് എന്നിവർ പങ്കെടുക്കും. ഓർഡിനൻസ് ഇറക്കുന്നതിലടക്കം കൃത്യമായ നിലപാട് കേന്ദ്രസർക്കാർ അറിയിച്ചില്ലെങ്കിൽ ഇനി ചർച്ചക്കില്ലെന്നാണ് കർഷകരുടെ തീരുമാനം. അതേസമയം ശംഭു അടക്കമുള്ള അതിർത്തികളിൽ ഹരിയാന പൊലീസും കർഷകരും നേർക്കുനേർ തുടരുകയാണ്. ഹരിയാനയിലെ ഏഴു ജില്ലകളിൽ ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കിയത് 19 വരെ നീട്ടി.