കോട്ടയത്തെ ലോക്സഭാ സ്ഥാനാർത്ഥിയായി കേരള കോൺഗ്രസ് ജോസഫ് ഡെപ്യൂട്ടി ചെയർമാൻ ഫ്രാൻസിസ് ജോർജിനെ പ്രഖ്യാപിച്ചു. പാർട്ടി ചെയർമാൻ പി ജെ ജോസഫാണ് ആണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.  കേരള കോൺഗ്രസ് എമ്മിനെ കഴിഞ്ഞ തവണ വിജയിപ്പിച്ചത് യുഡിഎഫ് ആണെന്ന് പിജെ ജോസഫും അവർ കർഷകരെ വഞ്ചിച്ച പാർട്ടിയെന്ന് ഫ്രാൻസിസ് ജോർജും പറഞ്ഞു.

 

 തിരഞ്ഞെടുപ്പ് ചർച്ചകളുടെ ആദ്യഘട്ടം മുതൽ കേരള കോൺഗ്രസ് ജോസഫ് ഉയർത്തിക്കാട്ടിയ പേരും കോൺഗ്രസിന്റെ നിർദ്ദേശവും പാർട്ടി ചെയർമാൻ പി ജെ ജോസഫ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. പ്രചാരണ പോസ്റ്റർ പി ജെ ജോസഫ് പ്രകാശനം ചെയ്തു. തെരഞ്ഞെടുപ്പിൽ റബ്ബർ കർഷകരും നെൽ കർഷകരും ഉൾപ്പെടുന്ന സാധാരണക്കാർ മറുപടി നൽകുമെന്ന് നിയുക്ത സ്ഥാനാർത്ഥി പ്രതികരിച്ചു. 

 

തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടു പിന്നാലെ കോട്ടയം ഡിസിസിയിൽ എത്തി കോൺഗ്രസിന്റെ  പിന്തുണ ഔദ്യോഗികമായി ഉറപ്പാക്കി. യുഡിഎഫിൽ നിന്ന് ജയിച്ച് മറുകണ്ടം ചാടിയ കേരള കോൺഗ്രസ് എമ്മിന് ജനം മറുപടി കൊടുക്കുമെന്ന്  കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചു. ഇന്നുമുതൽ യുഡിഎഫിന്റെ പ്രചാരണ പരിപാടികൾ തുടങ്ങും

 

Lok Sabha Elections: Francis George is the UDF candidate in Kottayam