ബോര്‍ഡ് – കോര്‍പറേഷന്‍ സ്ഥാനങ്ങള്‍ രാജി വയ്ക്കാനുള്ള തീരുമാനത്തില്‍ നിന്ന് ആര്‍.ജെ.ഡി പിന്മാറി. ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി.ജയരാജന്‍ എം.വി.ശ്രേയാംസ് കുമാറുമായി എ.കെ.ജി സെന്‍ററില്‍ നടത്തിയ കൂടിക്കാഴ്ചയെ തുടര്‍ന്നാണ് തീരുമാനം. ആര്‍.ജെ.ഡിയുടെ പരാതികളിന്‍മേല്‍ അജണ്ട നിശ്ചയിച്ച് വിശദമായ ഉഭയകക്ഷി ചര്‍ച്ചനടത്താനും ധാരണയായി. ഇതോടെ മുന്നണിയില്‍ ഉരുണ്ടുകൂടിയ അസ്വസ്ഥതയ്ക്ക് താല്‍ക്കാലിക വിരാമമായി. 

ലോക്സഭാ സീറ്റ് കിട്ടാത്തതും ഉഭയകക്ഷി ചര്‍ച്ച നടത്താത്തതും ചൂണ്ടിക്കാണിച്ചാണ് ബോര്‍ഡ് കോര്‍പറേഷന്‍ സ്ഥാനങ്ങള്‍ രാജിവയ്ക്കാന്‍ ഇന്നലെ ആര്‍.ജെ.ഡി തീരുമാനിച്ചത്. ആര്‍.ജെ.ഡിയുടെ പരസ്യപ്രതിഷേധം മുന്നണി നേതൃത്വത്തെ അമ്പരപ്പിച്ചു. തുടര്‍ന്നാണ് ഇന്ന് ഉച്ചയ്ക്ക് എ.കെ.ജി സെന്‍ററിലേക്ക് എം.വി.ശ്രേയാംസ് കുമാറിനെ വിളിച്ചത്. ഇടതുമുന്നണിയിലെ സീറ്റ് വിഭജനത്തിന് മുന്നോടിയായി ഉഭയകക്ഷി ചര്‍ച്ച നടത്തണമെന്ന് ആര്‍.ജെ.ഡി നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതുള്‍പ്പടെയുള്ള കാര്യങ്ങളില്‍ പാര്‍ട്ടിയിലുള്ള അസ്വസ്ഥത ശ്രേയാംസ് കുമാര്‍ ഇ.പി.ജയരാജനെ ധരിപ്പിച്ചു. ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാമെന്നും കടുത്ത തീരുമാനങ്ങളില്‍ നിന്ന് പിന്‍മാറണം എന്നും ഇ.പി.ജയരാജന്‍ ശ്രേയാംസ് കുമാറിനോട് അഭ്യര്‍ഥിച്ചു. 

തുടര്‍ന്ന് രാജി തീരുമാനത്തില്‍ നിന്ന് പിന്‍മാറുന്നതിന് ശ്രേയാംസ് കുമാര്‍ സമ്മതം അറിയിച്ചു. ഭാവിയില്‍ ഇത്തരം അവഗണന ഉണ്ടാകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാന സമിതി യോഗം ചേര്‍ന്ന ശേഷം മുന്‍തീരുമാനം പിന്‍വലിക്കുന്ന കാര്യം ആര്‍.ജെ.ഡി ഔദ്യോഗികമായി പ്രഖ്യാപിക്കും. ഇതേസമയം ആര്‍.ജെ.ഡിക്ക് ലോക്സഭാ സീറ്റ് നല്‍കാമെന്ന് താന്‍ ഇടതുമുന്നണി കണ്‍വീനറായ ശേഷം പറഞ്ഞിട്ടില്ലെന്ന് ഇന്ന് രാവിലെ ഇ.പി.ജയരാജന്‍ പറഞ്ഞിരുന്നു. 2019ല്‍ അന്നത്തെ സി.പി.എം നേതൃത്വമാണ് ലോക്സഭാ സീറ്റ് എന്ന ഉറപ്പ് നല്‍കിയതെന്നാണ് ആര്‍.ജെ.ഡി നേതൃത്വം പറയുന്നത്.

RJD issue in LDF