സിഎംആർഎൽ - എക്സാലോജിക് ദുരൂഹ ഇടപാടിൽ കെഎസ്ഐഡിസി കുറ്റം ചെയ്തിട്ടില്ല എന്ന് തെളിയിക്കാൻ എസ്എഫ്ഐഒ അന്വേഷണം നടക്കുന്നതല്ലേ നല്ലതെന്ന് ഹൈക്കോടതി. ഇടപാടിനെ കുറിച്ച് സിഎംആര്‍എല്ലിനോട് വിശദീകരണം തേടിയതായി കെഎസ്ഐഡിസി അറിയിച്ചു. അന്വേഷണം നടന്നാലെ കെഎസ്ഐഡിസിയിൽ ഏതെങ്കിലും കുറ്റകരമായ പ്രവർത്തികൾ നടന്നോ എന്ന് വ്യക്തമാകൂവെന്ന് കേന്ദ്ര സർക്കാർ നിലപാടെടുത്തു. വിഡിയോ റിപ്പോര്‍ട്ട് കാണാം.
എസ്എഫ്ഐഒ അന്വേഷണം സ്ഥാപനത്തിന്റെ വിശ്വാസ്യതയെയും സൽപ്പേരിനെയും ബാധിക്കുമെന്നായിരുന്നു കെഎസ്ഐഡിസിയുടെ വാദം. എന്നാൽ ആശങ്കയെന്തിനെന്ന് കെഎസ്ഐഡിസിയോട് ചോദിച്ച കോടതി സിഎംആർഎല്ലിന്റെ ഇടപാടുകൾ ശരിയായി അന്വേഷിക്കപ്പെടേണ്ടതാണെന്നും നിലപാടെടുത്തു. സിഎംആർഎല്ലിനും മറ്റുള്ളവർക്കുമെതിരായ അന്വേഷണത്തിൽ എതിർപ്പില്ലെന്ന് വ്യക്തമാക്കിയ കെഎസ്ഐഡിസി സ്ഥാപനത്തിനെതിരായ അന്വേഷണം ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് വാദിച്ചു. അതേസമയം കുറ്റം ചെയ്തിട്ടില്ല എന്ന് തെളിയിക്കാൻ എസ്എഫ്ഐഒ അന്വേഷണം നടക്കുന്നതല്ലേ നല്ലതെന്ന് കോടതി വാക്കാൽ പരാമർശിച്ചു.
തെറ്റ് ചെയ്തിട്ടില്ലെങ്കിൽ കെഎസ്ഐഡിസിയുടെ വിശ്വാസ്യത നഷ്ടപ്പെടില്ലല്ലോയെന്ന് അന്വേഷണത്തെക്കുറിച്ച് കേന്ദ്രസർക്കാർ മറുവാദമുയർത്തി. പൊതുമേഖലാ സ്ഥാപനമാണ് കെഎസ്ഐഡിസി പൊതു പണമാണ് സ്ഥാപനത്തിലുള്ളത്. അന്വേഷണം നടന്നാലെ ഏതെങ്കിലും കുറ്റകരമായ പ്രവർത്തികൾ നടന്നോ എന്ന കാര്യം വ്യക്തമാകൂ. സിഎംആർഎൽ-എക്സലോജിക് ദുരൂഹ ഇടപാടിൽ കെഎസ്ഐഡിസി ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ നടപടി നേരിടണമെന്നും കേന്ദ്രം വാദിച്ചു. ഓഹരി പങ്കാളിത്തമുള്ള സ്ഥാപനമെന്ന നിലയിൽ എക്സാലോജികുമായുള്ള ഇടപാടിനെ കുറിച്ച് അറിഞ്ഞപ്പോൾ എന്തെങ്കിലും നടപടിയെടുത്തോ എന്ന് കെഎസ്ഐഡിസിയോട് കോടതി ചോദിച്ചു. സിഎംആര്‍എല്ലില്‍ നിന്നും വിശദീകരണം തേടിയതായി കെഎസ്ഐഡിസി അറിയിച്ചു. ഇതിന്‍റെ പകർപ്പ് ഹാജരാക്കാൻ നിർദേശിച്ച കോടതി ഹർജി ഈ മാസം 26ലേക്ക് മാറ്റി
KSIDC CMRL exalogic kerala high court