bilawal-bhutto-3

 

‌‌സംഘര്‍ഷങ്ങള്‍ക്കും രാഷ്ട്രീയ നാടകങ്ങള്‍ക്കും ഇടയില്‍ പാക്കിസ്ഥാന്‍ ഇന്ന് പോളിങ് ബൂത്തിലേക്ക്. മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫും ബേനസീര്‍ ഭൂട്ടോയുടെ മകന്‍ ബിലാവല്‍ ഭൂട്ടോയുമാണ് മല്‍സരിക്കുന്നവരില്‍ പ്രധാനികള്‍. മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ജയിലിലായതിനാല്‍ കളത്തിലില്ല

 

നാലുവര്‍ഷത്തെ വിദേശവാസം അവസാനിപ്പിച്ച് തിരിച്ചെത്തിയ നവാസ് ഷെറീഫ് വീണ്ടും പ്രധാനമന്ത്രി പദം അലങ്കരിക്കുമോ? അതോ ഇമ്രാന്‍ ഖാന്റെ അനുകൂലികള്‍ ബാലറ്റിലൂടെ തിരിച്ചടിക്കുമോ?. അതിനുള്ള ഉത്തരം വൈകാതെ അറിയാം. പ്രാദേശിക സമയം രാവിലെ എട്ടുമുതല്‍ വൈകിട്ട് അഞ്ചുവരെയാണ് പോളിങ്. നാഷണല്‍ അസംബ്ലിയില്‍ ആകെയുള്ള 336 ല്‍ 266 സീറ്റിലേക്കാണ് നേരിട്ടുള്ള തരഞ്ഞെടുപ്പ്. 60 സീറ്റ് സ്ത്രീകള്‍ക്കും 10 സീറ്റ്

മുസ്‍ലിം ഇതര വിഭാഗത്തിനും ഒഴിച്ചിടും. നവാസ് ഷെറീഫിനു തന്നെയാണ് വിജയസാധ്യത കൂടുതലെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു.

 

പ്രധാന എതിരാളിയായ ഇമ്രാന്‍ ഖാന്‍ ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ ആയതിനാല്‍ അദ്ദേഹത്തിന്റെ പാക്കിസ്ഥാന്‍ തെഹ്‌രിക് ഇ ഇന്‍സാഫ് പാ‍ര്‍ട്ടിക്ക് പ്രചാരണത്തില്‍ കാര്യമായ ചലനം സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടില്ല. 2018 ലെ തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി സര്‍ക്കാര്‍ രൂപീകരിച്ചത് ഇമ്രാന്‍ ഖാന്‍ ആയിരുന്നു.  

 

നിലവില്‍ പാക്കിസ്ഥാന്‍ മുസ്‌ലിംലീഗ് നവാസിനൊപ്പം ഭരണത്തില്‍ പങ്കാളിയായ പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി നേതാവും മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ മകനുമായ ബിലാവല്‍ ഭൂട്ടോയും മല്‍സരരംഗത്തുണ്ട്. ഇന്നലെ ബലൂചിസ്ഥാനില്‍ അടക്കം ഉണ്ടായ സ്ഫോടനങ്ങളുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് പോളിങ് സ്റ്റേഷനുകളില്‍ ഒരുക്കിയിരിക്കുന്നത്.  നാല് സംസ്ഥാന അസംബ്ലികളിലേക്കും വോട്ടെടുപ്പ് നടക്കുന്നുണ്ട്.

 

2024 Pakistan general election