elephant-08

ഗുരുവായൂരില്‍ ആനകളെ പാപ്പാന്‍മാര്‍ തല്ലിച്ചതച്ചു. രണ്ടു പാപ്പാന്‍മാര്‍ക്കെതിരെ കേസെടുത്തു. ലൈസന്‍സ് റദ്ദാക്കി. പിന്നാലെ, സസ്പെന്‍ഷനും. തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിത നടയ്ക്കിരുത്തിയ ആന കൃഷ്ണയ്ക്കാണ് പൊതിരെ തല്ല് കിട്ടിയത്. 

 

ഗുരുവായൂര്‍ ആനക്കോട്ടയിലെ രണ്ട് ആനകളെ പാപ്പാന്‍മാര്‍ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളായിരുന്നു പുറത്തു വന്നത്. നാലു മാസം മുമ്പ് നടന്ന മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ നവമാധ്യമങ്ങളിലൂെട പുറത്തു വന്നു. പിന്നാലെ, വനമന്ത്രി എ.കെ.ശശീന്ദ്രന്‍ ഇടപ്പെട്ടു. രണ്ടു പാപ്പാന്‍മാര്‍ക്കെതിരെ കേസെടുത്തു. ലൈസന്‍സ് റദ്ദാക്കി. ഗുരുവായൂര്‍ ദേവസ്വമാകട്ടെ രണ്ടു പാപ്പാന്‍മാരേയും സസ്പെന്‍ഡ് ചെയ്തു. അനുസരണക്കേട് കാട്ടിയതിന്റെ പേരിലായിരുന്നു മര്‍ദ്ദനം. ജയലളിത നടയിരുത്തിയ കൃഷ്ണയേയും കൊമ്പന്‍ കേശവന്‍കുട്ടിയേയുമാണ് മര്‍ദ്ദിച്ചത്. കൊമ്പന്‍ ഗജേന്ദ്രനും മര്‍ദ്ദനമേറ്റിരുന്നു. ഈ ആനകളെ നിയന്ത്രിക്കാന്‍ കഴിവുള്ള മറ്റു പാപ്പാന്‍മാെര ഉടനെ നിയോഗിക്കും. അതിനു ശേഷമെ, നിലവിലുള്ള പാപ്പാന്‍മാരെ താല്‍ക്കാലിക ജോലിയില്‍ നിന്ന് മാറ്റൂ. 

 

പുതിയ പാപ്പാന്‍മാരോട് ആനകള്‍ അനുസരണ കാട്ടിയില്ലെങ്കില്‍ കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാകും. ഇതൊഴിവാക്കാനാണ് ദേവസ്വത്തിന്റെ ശ്രമം. ആനക്കോട്ടയില്‍ മര്‍ദ്ദനം തടയാന്‍ സിസിടിവി കാമറകള്‍ സ്ഥാപിക്കണമെന്ന ആവശ്യം ദേവസ്വത്തിന്റെ പരിഗണനയിലാണ്. 

Mahout Hits Elephants In Guruvayoor