അജിത് പവാര്‍ വിഭാഗത്തെ യാഥാര്‍ഥ എന്‍സിപിയായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രഖ്യാപിച്ചു. പാര്‍ട്ടി പേരും ചിഹ്നവും അജിത് പക്ഷത്തിന് ലഭിക്കും. പാര്‍ട്ടി പിളര്‍ത്തി അജിത് പവാര്‍ പക്ഷം ബിജെപി ക്യാംപിലെത്തിയതിന് പിന്നാലെ പാര്‍ട്ടിയെന്ന പദവി കൈപ്പിടിയില്‍ നിന്ന് നഷ്ടപ്പെട്ടത് എന്‍സിപിയുടെ സ്ഥാപക നേതാവായ ശരദ് പവാറിന് കനത്ത തിരിച്ചടിയായി. തിരഞ്ഞെടുപ്പ് കമ്മിഷന് പിന്നില്‍ അദൃശ്യശക്തിയാണെന്ന് സുപ്രിയ സുളെ പ്രതികരിച്ചു.
എന്‍സിപിയിലെ സംഘടനാപരമായ മേധാവിത്തം ഇരു വിഭാഗത്തിനും തെളിയിക്കാന്‍ കഴിഞ്ഞില്ല. ഇതേതുടര്‍ന്ന് പാര്‍ട്ടി ഭരണഘടനയും നിയമസഭയിലെ ഭൂരിപക്ഷവും അനുസരിച്ചാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അജിത് പവാര്‍ പക്ഷത്തെ യാഥാര്‍ഥ എന്‍സിപിയായി പ്രഖ്യാപിച്ചത്. എന്‍സിപി എന്ന പേരും ഘടികാര ചിഹ്നവും ഇനി അജിത് പവാര്‍ പക്ഷത്തിന് സ്വന്തം. തന്‍റെ പാര്‍ട്ടി ഘടകത്തിനായി മൂന്ന് പേരും ചിഹ്നങ്ങളും നിര്‍ദേശിക്കാന്‍ ശരദ് പവാര്‍ പക്ഷത്തോട് കമ്മിഷന്‍ നിര്‍ദേശിച്ചു. രാജ്യസഭയിലേക്കുള്ള വോട്ടെടുപ്പില്‍ പാര്‍ട്ടിതലത്തിലെ ആശയക്കുഴപ്പം ഒഴിവാക്കാനാണിത്. തീരുമാനത്തിന് പിന്നില്‍ അധികാരകേന്ദ്രത്തിന്‍റെ അദൃശ്യശക്തിയെന്ന് സുപ്രിയ സുളെ പ്രതികരിച്ചു.
ശിവസേന ഉദ്ധവ് പക്ഷത്തിന് സംഭവിച്ചതിന്‍റെ അതേ മാതൃകയാണിത്. സുപ്രീംകോടതിയെ സമീപിക്കാനാണ് പാര്‍ട്ടി തീരുമാനം. നടപടിയെ അജിത് പക്ഷം സ്വാഗതം ചെയ്തു. അതേസമയം, മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ സമാനതകളില്ലാത്ത തിരിച്ചടികളിലൂടെ കടന്നുപോവുകയാണ് ശരദ് പവാര്‍. സ്ഥാപക നേതാവിനെ അപ്രസക്തനാക്കി കാല്‍നൂറ്റാണ്ടിന് ശേഷം സഹോദര പുത്രന്‍ പാര്‍ട്ടിയെ കൈപ്പിടിയില്‍ ഒതുക്കിയിരിക്കുന്നു. കഴിഞ്ഞ ജൂലൈയില്‍ 53ല്‍ 43 എംല്‍എമാരെയും കൊണ്ട് ബിജെപി ക്യാംപില്‍ എത്തി ഉപമുഖ്യമന്ത്രിയായ അജിത് പവാറിന് തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇത് വലിയ രാഷ്ട്രീയ വിജയം തന്നെയാണ്.
Ajit Pawar's Faction Named Real NCP In Setback For Sharad Pawar