മയക്കു വെടി വച്ചു പിടികൂടിയ തണ്ണീർകൊമ്പൻ ചെരിയാൻ ഇടയായ സംഭവത്തിൽ കേരളത്തിന്‌ എതിരെ കർണാടക വനം മന്ത്രി. ആനയെ ഒരു സംസ്ഥാനത്തിനോട് ചേർത്ത് ബ്രാൻഡ് ചെയ്യുന്നത് ശരിയല്ലന്നു കർണാടക വനംമന്ത്രി ഈശ്വർ ഖന്ദ്ര. ഒരിടത്ത് നിന്ന് പിടിച്ച് റേഡിയോ കോളർ വച്ചെന്ന് കരുതി അതേ ഇടത്തേക്ക് ആനയെ തിരിച്ച് വിട്ടത് ശരിയായ നടപടി അല്ലെന്നും ഇതടക്കമുള്ളവ കേരള വനം മന്ത്രിയുമായി ചർച്ച ചെയ്യും ഇന്നും ഈശ്വർ ഖന്ദ്ര  ബീദറിൽ പറഞ്ഞു.

 

കേരള വനംവകുപ്പ് മയക്കുവെടി വയ്ക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നതിൽ ആശങ്കയുണ്ട്. ഒരാനയുടെ വിലപ്പെട്ട ജീവൻ നഷ്ടമായതിൽ കർണാടക അനുശോചിക്കുന്നുവെന്നും  എവിടെ, ആർക്കാണ് പിഴവ് പറ്റിയതെന്ന് അന്വേഷിക്കുമെന്നും മന്ത്രി വ്യക്തമാക്കി. പോസ്റ്റ്‍മോർട്ടം റിപ്പോർട്ട് കിട്ടിയ ശേഷം തുടർനടപടിയെന്നും മന്ത്രിയുടെ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.

 

അതേസമയം, തണ്ണീർ കൊമ്പൻ ചരിഞ്ഞത് ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവർത്തനം ഒരുമിച്ച് നിലച്ചതുമൂലമാണെന്ന് പോസ്റ്റു മോർട്ടം റിപ്പോർട്ട്. ഇടതു തുടയിലുണ്ടായിരുന്ന മുറിവ് പഴുത്ത് ആന്തരിക ആവയവങ്ങളിലേക്ക് പടർന്നതും മരണകാരണമായി. ഇന്നലെ മാനന്തവാടിയിൽ നിന്ന് പിടി കൂടി ബന്ദിപൂരിലെ രാമപുരയിലെത്തിച്ച തണ്ണീർ കൊമ്പൻ ഇന്ന് പുലർച്ചെയാണ് ചരിഞ്ഞത്.

 

തണ്ണീർ കൊമ്പന്റെ ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവർത്തനം ഒരുമിച്ച് നിലയ്ക്കാൻ കാരണം ഇടതു തുടയിലെ ആഴത്തിലെ മുറിവ്, ഞരമ്പുകളിലെ കൊഴുപ്പ്, ക്ഷയം എന്നിവ മൂലമെന്നാണ് പോസ്റ്റുമോർട്ടത്തിൽ പറയുന്നത്. ഇടതു തുടയിൽ നിന്ന് ഒരു ലിറ്റർ പഴുപ്പാണ് പുറത്ത് എടുത്തത്. മയക്കു വെടിവയ്ക്കുന്നതിനിടെ ഉണ്ടായ ബഹളവും ആൾക്കൂട്ടവും ആനയ്ക്ക് സമ്മർദം ഉണ്ടാക്കിയതായും പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ട്. കേരള - കർണ്ണാടക വെറ്ററിനറി സർജൻമാരുടെ നേതൃത്വത്തിലായിരുന്നു രാമപുര ആനതാവളത്തിൽ വച്ചുള്ള പോസ്റ്റുമോർട്ടം.

 

മാനന്തവാടിയിൽ നിന്ന് പിടികൂടി ബന്ദിപ്പൂരിലെ രാമപുരയില്‍ തുറന്നുവിടാനായി വിദഗ്ധ പരിശോധന നടത്തും മുന്‍പാണ് രാവിലെ ആറ് മണിയോടെ തണ്ണീർ കൊമ്പൻ ചരിഞ്ഞത്. തണ്ണീര്‍ കൊമ്പന്‍റെ പോസ്റ്റ്മോര്‍ട്ടത്തിൽ പങ്കാളിയാവുന്നതിനൊപ്പം മരണകാരണവും ദൗത്യവും പരിശോധിക്കാന്‍ വനംവകുപ്പ് അഞ്ചംഗ വിദഗ്ധ സമിതിയും രൂപീകരിച്ചു.  വനം വിജിലന്‍സ് ഓഫീസര്‍, മൃഗ‍ ഡോക്ടര്‍, വനം എന്‍‌.ജി.ഒ പ്രതിനിധി, നിയമ വിദ്ഗ്ധന്‍, ജില്ലാ വനം ഫ്ലൈയിങ് സ്കാഡ് എന്നിവരങ്ങുന്നതാണ് സമിതി.  

 

thanneer komban death karnataka minister against kerala