മാനന്തവാടിയില്‍ നിന്ന് ഇന്നലെ  പിടികൂടിയ കാട്ടാന തണ്ണീര്‍കൊമ്പന്‍ ചരിഞ്ഞു. ബന്ദിപ്പൂരില്‍ വച്ചാണ് ആന ചരിഞ്ഞത്. ആനയെ പിടികൂടി ഇന്നലെ രാത്രിയോടെ കര്‍ണാടകയ്ക്ക് കൈമാറിയിരുന്നു. 15 മണിക്കൂറോളമാണ് തണ്ണീര്‍ക്കൊമ്പന്‍ ഇന്നലെ മാനന്തവാടിയില്‍ ഭീതി വിതച്ചത്. തുടര്‍ന്ന് രാത്രിയോടെയാണ് മയക്കുവെടിവച്ച് ആനയെ പിടികൂടിയത്. കേരളവും കര്‍ണാടകയും സംയുക്തമായി പോസ്റ്റ്മോര്‍ട്ടം നടത്തുമെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു. പരിശോധനയ്ക്ക് പ്രത്യേകസംഘത്തെ നിയോഗിച്ചെന്ന് കര്‍ണാടക മുഖ്യവനപാലകന്‍. വെറ്ററിനറി സര്‍ജന്‍മാരുടെ സംഘം ഉടന്‍ ബന്ദിപ്പൂരിലെത്തും. ഇന്നുതന്നെ പോസ്റ്റ്മോര്‍ട്ടം നടത്തുമെന്ന് സുഭാഷ് മാല്‍ഖഡെ.തണ്ണീര്‍ക്കൊമ്പനെ മയക്കുവെടിവച്ച് പിടികൂടുന്നത് രണ്ടാം തവണയായിരുന്നു. ജനുവരി 16ന് കര്‍ണാടകയിലെ ഹാസനില്‍നിന്ന് ആനയെ മയക്കുവെടിവച്ച് പിടികൂടി റേഡിയോ കോളർ ഘടിപ്പിച്ചതാണ്.  

 

ഇന്നലെ പുലർച്ചെയാണ് പായോട് ആനയെ കണ്ടത്. തുടർന്ന് ആന മാനന്തവാടി ടൗണിലെത്തി. പകൽ മുഴുവൻ ആന മാനന്തവാടി ടൗണിന് സമീപത്തെ വയലിനോട് ചേർന്നാണ് നിലയുറപ്പിച്ചത്. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലയായതിനാൽ ഉച്ചയോടെ മയക്കുവെടി വച്ച് പിടികൂടാൻ ഉത്തരവിടുകയായിരുന്നു. ആനയെ പിടികൂടി ബന്ദിപ്പുർ വനത്തിൽ തന്നെ തുറന്നു വിടുന്നതിന് കർണാടക വനംവകുപ്പ് അനുമതി നൽകിയിരുന്നു. അതനുസരിച്ചാണ് ആനയെ ബന്ദിപ്പുർ വനത്തിലെത്തിച്ചത്. ആന ചരിഞ്ഞതായ വിവരം പുലർച്ചെയോടെയാണ് പുറത്തുവന്നത്.

 

Kerala and Karnataka will jointly conduct the post-mortem of Thanneer Komban