കേന്ദ്ര അവഗണനയ്ക്കെതിരെ ഡൽഹിയിൽ സമരത്തിന് കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരും. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളോടുള്ള വിവേചനത്തിനെതിരെ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിലാണ് ബുധനാഴ്ചത്തെ പ്രതിഷേധം. കോൺഗ്രസ് ദേശിയ നേതാക്കളെയും ക്ഷണിച്ചിട്ടുണ്ട്. തൊട്ടടുത്ത ദിവസം കേരള മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ നടക്കുന്ന സമരത്തില്‍ പക്ഷേ യുഡിഎഫ് പങ്കെടുക്കുന്നില്ല.
ദക്ഷിണേന്ത്യയ്ക്ക് നൽകേണ്ട വികസന ഫണ്ടുകളുടെ വിഹിതം ഉത്തരേന്ത്യയെ വളർത്താൻ ഉപയോഗിക്കുന്നു എന്ന കര്‍ണാടക എം.പി ഡി.കെ സുരേഷിന്റെ പ്രസ്താവന കേന്ദ്രസര്‍ക്കാര്‍ ആയുധമാക്കുമ്പോഴാണ് രാജ്യതലസ്ഥാനത്തെ പ്രതിഷേധം. മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ, 138 എംഎല്‍എമാർ, എംഎല്‍സിമാർ എന്നിവർ പ്രതിഷേധത്തിൽ പങ്കെടുക്കും. ജന്തർ മന്തർ അടക്കമുള്ള ഇടങ്ങൾ പ്രതിഷേധ വേദിയാക്കാന്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.
സംസ്ഥാനത്തിന് 5 വർഷത്തിനിടെ ലഭിക്കേണ്ട 62,000 കോടി രൂപ നൽകിയിട്ടില്ല. സംസ്ഥാനം കടുത്ത വരള്‍ച്ച നേരിടുമ്പോൾ കേന്ദ്രം സഹായിക്കുന്നില്ല എന്നുമാണ് ആക്ഷേപം. കോൺഗ്രസ് അധികാരത്തിൽ വന്നതിന് പിന്നാലെ സംസ്ഥാനം കടുത്ത അവഗണന നേരിടുന്നെന്ന് ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍ കുറ്റപ്പെടുത്തി. വ്യാഴാഴ്ചയാണ് ഇതേ വിഷയം ഉയർത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ കേരള സർക്കാർ ജന്തർമന്തറിൽ പ്രതിഷേധകൂട്ടായ്മ നടത്തുന്നത്. എന്നാല്‍ ഈ സമരത്തില്‍ കോണ്‍ഗ്രസടക്കം പ്രതിപക്ഷം പങ്കെടുക്കില്ല. കഴിഞ്ഞ ഒക്ടോബറിൽ കേന്ദ്രത്തിനെതിരെ ബംഗാൾ സർക്കാരും ജന്തർ മന്തറിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
Karnataka cabinet to protest against central government