മാനന്തവാടിയില്‍ നിന്ന് പിടികൂടിയ കാട്ടാന തണ്ണീര്‍കൊമ്പന്‍ ചരിഞ്ഞത് ഉന്നതതല സമിതി അന്വേഷിക്കുമെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രന്‍. വിദഗ്ധ പരിശോധനയ്ക്കു മുന്‍പ് ആന ചരിഞ്ഞു.കേരളവും കര്‍ണാടകയും സംയുക്തമായി പോസ്റ്റ്മോര്‍ട്ടം നടത്തും. മയക്കുവെടി ഉത്തരവ് വൈകിയത് നടപടിക്രമങ്ങള്‍ കൃത്യമായി പാലിക്കാനാണ്. അതു കാലതാമസമായാണ് എല്ലാവരും വ്യാഖ്യാനിച്ചത്. വനംവകുപ്പിന് ഒരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്ന് മന്ത്രി ശശീന്ദ്രന്‍ പറഞ്ഞു. മാനന്തവാടിയില്‍ ഭീതിവിതച്ച ആനയെ ജനവാസമേഖലയില്‍ മയക്കുവെടിവയ്ക്കാന്‍ വനംമേധാവി വിസമ്മതിച്ചിരുന്നു. തുടര്‍ന്ന് അവധിയിലുള്ള ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനാണ് ഉത്തരവിട്ടത്.
തണ്ണീര്‍കൊമ്പന്‍ ചരിഞ്ഞത് പരിശോധിക്കാന്‍ പ്രത്യേകസംഘത്തെ നിയോഗിച്ചെന്ന് കര്‍ണാടക മുഖ്യവനപാലകന്‍ സുഭാഷ് മാല്‍ഖഡെ അറിയിച്ചു. വെറ്ററിനറി സര്‍ജന്‍മാരുടെ സംഘം ഉടന്‍ ബന്ദിപ്പൂരിലെത്തും. ഇന്നുതന്നെ പോസ്റ്റ്മോര്‍ട്ടം നടത്തുമെന്ന് സുഭാഷ് മാല്‍ഖഡെ പറഞ്ഞു.
ബന്ദിപ്പൂരില്‍ വച്ചാണ് ആന ചരിഞ്ഞത്. ഇന്നലെ വൈകിട്ട് അഞ്ചരയോടെ മയക്കുവെടി വച്ച ആനയെ രാത്രി പത്തരയോടെയാണ് ലോറിയിൽ കയറ്റി കൊണ്ടുപോയത്. തുടർന്ന് കർണാടകയ്ക്ക് കൈമാറി. ആനയെ അർധരാത്രിയോടെയാണ് ബന്ദിപ്പുർ വനത്തിലേക്ക് കൊണ്ടുപോയത്. ആനയുടെ കാലിന് പരുക്കുണ്ടായിരുന്നുവെന്ന് ഇന്നലെ കർണാടകയിൽ നിന്ന് എത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു. ആനയെ മയക്കുവെടി വച്ച് വാഹനത്തിൽ കയറ്റുന്ന സമത്തു തന്നെ തീർത്തും അവശനായിരുന്നു.
Forest Minister A. K. Saseendran said that a high-level committee will investigate the elephant's death