ബിജെപിയുടെ സ്ഥാപക നേതാവും മുന്‍ ഉപപ്രധാനമന്ത്രിയുമായ എല്‍.കെ അഡ്വാനിക്ക് ഭാരതരത്ന. രാജ്യത്തിന്‍റെ വികസനത്തിന് എല്‍.കെ അഡ്വാനി നല്‍കിയത് മഹത്തായ സംഭാവനയാണെന്ന് പരമോന്നത സിവിലിയന്‍ പുരസ്ക്കാരം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സില്‍ കുറിച്ചു. അഡ്വാനിയെ നേരില്‍ക്കണ്ട് അഭിനന്ദിച്ചതായി പ്രധാനമന്ത്രി അറിയിച്ചു. 

സോമനാഥില്‍ നിന്ന് അയോധ്യയിലേയ്ക്ക് രാമജന്മഭൂമി പ്രക്ഷോ‍ഭ രഥം പായിച്ച് ബിജെപിക്ക് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇടംനേടിക്കൊടുത്ത ലാല്‍ കൃഷ്ണ അഡ്വാനിക്ക് അയോധ്യയിലെ പ്രാണപ്രതിഷ്ഠയ്ക്ക് പിന്നാലെ പരമോന്നത സിവിലിയന്‍ പുരസ്ക്കാരം. ബിഹാര്‍ മുന്‍മുഖ്യമന്ത്രി കരിപ്പൂരി ഠാക്കൂറിന് മരണാനന്തരബഹുമതിയായി ഇത്തവണ ഭാരതരത്ന പ്രഖ്യാപിച്ചിരുന്നു. അനാരോഗ്യം മൂലം അഡ്വാനി സജീവരാഷ്ട്രീയത്തില്‍ ഇപ്പോഴില്ല. 1998 മുതല്‍ 2004വരെ കേന്ദ്ര ആഭ്യന്തരമന്ത്രിയായിരുന്ന അഡ്വാനി ലോക്സഭയില്‍ ഏറ്റവും കൂടുതല്‍ കാലം പ്രതിപക്ഷനേതാവായിരുന്നു. 

പാക്കിസ്ഥാനിലെ കറാച്ചിയില്‍ ജനനം. വിഭജനവേളയില്‍ ഇന്ത്യയിലേയ്ക്ക് കുടിയേറി. മുംബെയില്‍ സ്ഥിരതാമസമാക്കി. 1941ല്‍ 14മത്തെ വയസില്‍ ആര്‍എസ്എസില്‍. രാജസ്ഥാനില്‍ പ്രചാരകനായി. ശ്യാമപ്രസാദ് മുഖര്‍ജിയുടെ ജനസംഘത്തില്‍ അംഗമായി. 1967ല്‍ ഡല്‍ഹി മെട്രോപൊളിറ്റന്‍ കൗണ്‍സില്‍ ചെയര്‍മാന്‍. 1970ല്‍ ആദ്യമായി രാജ്യസഭാംഗം. 1973ല്‍ ജനസംഘം അധ്യക്ഷന്‍. വാര്‍ത്താവിതരണമന്ത്രിയും രാജ്യസഭയിലെ സഭാ നേതാവുമായി. 1980ല്‍ എ.ബി വാജ്പേയിക്കൊപ്പം ബിജെപിയുടെ സ്ഥാപക അംഗങ്ങളില്‍ ഒരാളായ അഡ്വാനി മൂന്ന് തവണ പാര്‍ട്ടി അധ്യക്ഷനായി. 1989 മുതല്‍ ഏഴ് തവണ ലോക്സഭാംഗം. 2002 മുതല്‍ 2004വരെ ഉപപ്രധാനമന്ത്രി. പ്രധാനമന്ത്രി പദവിയെന്ന് സ്വപ്നം സാക്ഷാത്കരിക്കാനായില്ല. മോദി യുഗത്തില്‍ മാര്‍ഗനിര്‍ദേശക് മണ്ഡലില്‍ പ്രവര്‍ത്തനം പരിമിതപ്പെട്ടു. പതിയെ സജീവ രാഷ്ട്രീയത്തില്‍ നിന്ന് പിന്‍വാങ്ങി. പത്മവിഭൂഷണ്‍ 2015ല്‍ ലഭിച്ചു.

Lal Krishna Advani to be conferred Bharat Ratna