അത്യപൂർവമായ കേസ് എന്ന് കണ്ടെത്തിയാണ് രൺജിത് ശ്രീനിവാസൻ  കേസിൽ മുഴുവൻ പ്രതികൾക്കും കോടതി വധശിക്ഷ വിധിച്ചത്. രാഷ്ട്രീയ എതിരാളികളെ വധിക്കാൻ ഹിറ്റ് ലിസ്റ്റ് തയാറാക്കിയതും അതിന് തെളിവായി പ്രോസിക്യൂഷൻ ഹാജരാക്കിയ ഡിജിറ്റൽ രേഖകളും കോടതി മുഖവിലയ്ക്കടുത്തു. പെട്ടെന്നുള്ള പ്രകോപനത്തിന്റെ ഭാഗമായി ഉണ്ടായ സാധാരണ രാഷ്ട്രീയ കൊലപാതകം മാത്രമാണന്ന പ്രതിഭാഗം വാദം കോടതി അംഗീകരിച്ചില്ല. 

 

ഹിറ്റ് ലിസ്റ്റ് തയാറാക്കി നടപ്പാക്കിയ നിഷ്ഠുര കൊലപാതകം എന്ന വാദമാണ് പ്രോസിക്യൂഷൻ പ്രധാനമായി ഉയർത്തിയത്. അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുന്നിൽ വച്ചു നടത്തിയ കൊലപാതകം അത്യപൂർവ കേസായി പരിഗണിക്കണം. അത് കൊണ്ട് തന്നെ ഇത്തരം ഒരു കേസിൽ നിയമത്തിന്റെ ഇളവ് പ്രതികൾക്ക് നൽകാനാവില്ല. സാധാരണ രാഷ്ടീയ കൊലപാതകം മാത്രമായി ഇതിനെ കാണാനാവില്ല. സാധാരണ രാഷ്ട്രീയ കൊലപാതകങ്ങളും ഈ കേസും  തമ്മിൽ വിത്യാസമുണ്ട്. ഹിറ്റ് ലിസ്റ്റ് തയ്യാറാക്കി സൂക്ഷിച്ചത് ഗുഢാലോചനയുടെ പരിധി എത്രയെന്ന് തെളിയിക്കുന്നു. ഒരു ക്രിമിനൽ കുറ്റവും കൊല്ലപ്പെട്ട രൺജിത് ചെയ്തിട്ടില്ല.

 

നിരായുധനായ ഒരാളെ  12 പേർ വളഞ്ഞിട്ട് ആക്രമിച്ചത് കൊലയുടെ നിഷ്ഠൂരതക്ക് തെളിവാണെന്നുമുള്ള പ്രോസിക്യൂഷൻ വാദവും കോടതി അംഗീകരിച്ചു. എസ്.ഡി.പി.ഐ നേതാവായ കെ.എസ് ഷാനെ കൊലപ്പെടുത്തിയതിൽ പെട്ടെന്നുണ്ടായ പ്രകോപനം ആണ് രഞ്ജിത്ത് വധത്തിന് കാരണമെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി അംഗീകരിച്ചില്ല. കേസ് അത്യപൂർവമല്ലെന്ന വാദവും പരിഗണിക്കപ്പെട്ടില്ല. മനപരിവർത്തനത്തിന് അവസരം നൽകാൻ ശിക്ഷയിൽ ഇളവ് നൽകണമെന്നും പ്രതികളുടെ പ്രായം പരിഗണിക്കണമെന്ന പ്രതിഭാഗത്തിന്റെ അഭ്യർത്ഥനയും കോടതി അംഗീകരിച്ചില്ല.

 

Court on Ranjith Sreenivasan Murder Case