ക്രിപ്റ്റോ കറന്‍സി, ഒടിടി പ്ലാറ്റ്ഫോം എന്നിവയുടെ മറവില്‍ ഹൈറിച്ച് ഉടമകള്‍ തട്ടിയത് അഞ്ഞൂറ് കോടിയിലേറെ രൂപയെന്ന് ഇഡിയുടെ നിഗമനം. ഇതില്‍ വലിയൊരുപങ്ക് വിദേശത്തേക്ക് കടത്തിയ ഉടമകള്‍ കാനഡയില്‍ രൂപീകരിച്ച കമ്പനിയെ കേന്ദ്രീകരിച്ചും ഇഡിയുടെ അന്വേഷണം. ഇടപാടുകള്‍ക്ക് ഇടനിലക്കാരായ പത്തിലേറെ പൊലീസുകാരും ഉന്നത രാഷ്ട്രീയ നേതാക്കളും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടും.
ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ്, മണിചെയിന്‍ ഇടപാടുകള്‍ക്ക് പുറമെ ഹൈറിച്ച് ഉടമകള്‍ കോടികള്‍ കൊയ്ത വഴികളിലൂടെയാണ് ഇഡിയുടെ അന്വേഷണം. കഴിഞ്ഞ വര്‍ഷമാണ് ഹൈറിച്ച് ഗ്രൂപ്പിന്‍റെ എച്ച്ആര്‍ ഒടിടി പ്രത്യക്ഷപ്പെടുന്നത്. പുത്തന്‍പടങ്ങളടക്കം റിലീസ് ചെയ്ത് സബ്സ്ക്രൈബേഴ്സിനെ ആകര്‍ഷിക്കുകയായിരുന്നു ലക്ഷ്യം. ആയിരകണക്കിന് ആളുകളില്‍ നിന്ന് അഞ്ച് ലക്ഷം വീതം നിക്ഷേപം വാങ്ങിയായിരുന്നു തുടക്കം. സ്വര്‍ണകള്ളക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് തന്നെ ഭീഷണിപ്പെടുത്തിയെന്ന് പരാതി നല്‍കിയ വിജേഷ്പിള്ളയുടെ ആക്ഷന്‍ ഒടിടിയാണ് ഹൈറിച്ച് ഉടമകള്‍ വാങ്ങിയത്.
ഇതിന് പിന്നാലെയാണ് എച്ച്ആര്‍ ക്രിപ്റ്റോയുമായുള്ള രംഗപ്രവേശം. ഒരു എച്ച്ആര്‍ ക്രിപ്റ്റോയുടെ മൂല്യം രണ്ട് ഡോളറാണ്. 160 ഇന്ത്യന്‍ രൂപ. ബേസിക്, പ്രീമിയം എന്നിങ്ങനെ തരംതിരിച്ച് ആയിരകണക്കിന് പേരില്‍ നിന്നും സമാഹരിച്ചത് കോടികള്‍. കാനഡയില്‍ കമ്പനി രൂപീകരിച്ചത്
ഹവാലയിടപാടുകളുടെ ഭാഗമായാണെന്നുമാണ് ഇഡിക്ക് ലഭിച്ചിരിക്കുന്ന വിവരം. റിസര്‍വ് ബാങ്കിന്റെ അനുമതിയില്ലാതെയാണ് ക്രിപ്റ്റോ ഇടപാടുകള്‍ നടത്തിയതെന്നതും ഹൈറിച്ച് ഉടമകള്‍ക്കെതിരെ കുരുക്ക് മുറുക്കും.
Highrich fraud could be worth Rs 500 crore