shahana-suicide23

തിരുവനന്തപുരം തിരുവല്ലത്ത് ഗാര്‍ഹിക പീഡനത്തേ തുടര്‍ന്ന് ഷെഹ്ന ജീവനൊടുക്കിയ കേസില്‍ ഭര്‍ത്താവും ഭര്‍തൃമാതാപിതാക്കളും അറസ്റ്റില്‍. മൂന്ന് ആഴ്ചയായി ഇതര സംസ്ഥാനത്ത് അടക്കം ഒളിവിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞിരുന്ന പ്രതികളെ അവരുടെ സ്വന്തം നാട്ടില്‍ നിന്നാണ് പിടികൂടിയത്. സ്റ്റേഷനിലെത്തിച്ച പ്രതികള്‍ക്ക് നേരെ ഷെഹ്നയുടെ ബന്ധുക്കള്‍ പ്രതിഷേധവുമായി പാഞ്ഞടുത്തു.

 

ഡിസംബര്‍ 26ന് ഷഹ്നയുടെ മരണത്തില്‍ ഗര്‍ഹിക പീഡനവും ആത്മഹത്യാ പ്രേരണയും ചുമത്തി കേസെടുത്തതിന് തൊട്ടുപിന്നാലെ ഏകമകനെ സുഹൃത്തിന്റെ കയ്യില്‍ ഷഹ്നയുടെ വീട്ടിലേക്ക് കൊടുത്തയച്ചിട്ട് ഒളിവില്‍ പോയതാണ് ഭര്‍ത്താവ് നൗഫലും മാതാപിതാക്കളായ നജീബും സുനിതയും. ഇന്ന് ഉച്ചയോടെ പിടികൂടി. സ്റ്റേഷനിലേക്ക് എത്തിച്ചപ്പോള്‍ ഷെഹ്നയുടെ വീട്ടുകാരുടെ വൈകാരിക പ്രതിഷേധം. 

 

അറസ്റ്റ് വൈകിയതോടെ ഷെഹ്നയുടെ വീട്ടുകാര്‍ക്ക് സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം പോലും നടത്തേണ്ടിവന്നിരുന്നു. തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ ഒളിവിലെന്നായിരുന്നു മൂന്നാഴ്ചയായിട്ടും പിടികൂടാത്തതിന് പൊലീസിന്റെ വിശദീകരണം. എന്നാല്‍ പ്രതികളുടെ സ്വന്തം നാടായ കാട്ടക്കടയ്ക്കടുത്ത് കണ്ടലയില്‍ നിന്നാണ് പിടികൂടിയത്. മുന്‍കൂര്‍ജാമ്യാപേക്ഷ മറ്റന്നാള്‍ പരിഗണിക്കുന്നതിനാല്‍ പ്രതികള്‍ നാട്ടിലേക്ക് മടങ്ങിവന്നതാണെന്ന് പൊലീസ് പറയുന്നു. 

 

Shahna's suicide; The relatives tried to beat up the accused