വിദ്യാർഥി സംഘർഷത്തെ തുടർന്ന് അടച്ചിട്ട മഹാരാജാസ് കോളജ് നാളെ തുറക്കും. രണ്ട് ദിവസമായി ചേർന്ന വിദ്യാർഥി സംഘടന പ്രതിനിധികളുടെയും പിടിഎയുടെയും അധ്യാപകരുടെയും പൊലീസിന്റെയും യോഗങ്ങളിലാണ് തീരുമാനം. 

 

കോളജ് തുറക്കുന്നതുമായി ബന്ധപ്പെട്ട് കർശന നിയന്ത്രണങ്ങൾ നടപ്പാക്കാൻ ഇന്നലെ ചേർന്ന പിടിഎ യോഗം തീരുമാനിച്ചിരുന്നു. വൈകിട്ട് ആറിന് ശേഷം ക്യാപസിനുള്ളിൽ പ്രവേശിക്കണമെങ്കിൽ പ്രിൻസിപ്പലിന്റെ പ്രത്യേക അനുവാദം വേണമെന്നതടക്കമുള്ള തീരുമാനങ്ങളാണ് നടപ്പാക്കുക. ഇന്നത്തെ യോഗത്തിൽ വിദ്യാർഥി സംഘടന നേതാക്കളെയടക്കം ഈ തീരുമാനം അറിയിച്ചു. കുറച്ചുദിവസത്തേക്ക് കോളജിന് ഉള്ളിൽ പൊലീസ് സാന്നിധ്യമുണ്ടാകും. സംഘർഷങ്ങളുമായി ബന്ധപ്പെട്ടുള്ള പോലീസ് കേസുകളും കോളജ്  കമ്മിഷന്റെ അന്വേഷണവും അതാത് വഴിയിൽ മുന്നോട്ട് പോകുമെന്നും പ്രിൻസിപ്പൽ ആൻ ചാർജ് മാധ്യമങ്ങളോട് പറഞ്ഞു.

 

പ്രശ്നപരിഹാരത്തിന് നേരിട്ട് ഇടപെടുന്നതിന്റെ ഭാഗമായാണ് തന്റെ സാന്നിധ്യത്തിൽ യോഗം ചേരുന്നതിനെ കുറിച്ച് മന്ത്രി ആർ.ബിന്ദു പറഞ്ഞത്. കെ.എസ്.യു-എസ്.എഫ്.ഐ- ഫ്രറ്റേണിറ്റി പ്രവർത്തകർ തമ്മിലുള്ള സംഘർഷവമായി ബന്ധപ്പെട്ട് കഴിഞ്ഞ പതിനെട്ടിനാണ് മഹാരാജാസ് കോളജ് അടച്ചത്. സമീപകാല സംഘർഷങ്ങളിൽ മൊത്തം പത്ത് കേസാണ് പൊലീസ് റജിസ്റ്റർ ചെയ്തിട്ടുള്ളത്.