ഇലക്ട്രിക് ബസിൽ വച്ച കൈ പിൻവലിക്കാൻ മന്ത്രി ഗണേഷ് കുമാർ. സി.പി.എമ്മിന്റെ തിരുത്തും കെ.എസ്.ആർ.ടി.സിയുടെ കണക്കുകൾ പുറത്തായതോടെയുമാണ് മന്ത്രി പിൻവലിയുന്നത്. എന്നാൽ, കെ.എസ്.ആർ.ടി.സി സമർപ്പിച്ച കണക്കുകൾ പരിശോധിച്ച് ഇലക്ട്രിക് ബസുകളുടെ ഭാവിയിൽ തീരുമാനമെടുക്കുമെന്നാണ് ഗതാഗതമന്ത്രി ഉദ്യോഗസ്ഥരെ അറിയിച്ചത്.
ചെലവുചുരുക്കൽ പരിഷ്കാരങ്ങളുടെ കൂട്ടത്തിലാണ് ഗതാഗതമന്ത്രി ഇലക്ട്രിക് ബസുകളെ നോട്ടമിട്ടത്. എന്നാൽ, പ്രതീക്ഷിക്കാത്ത ഷോക്കാണ് സി.പി.എമ്മിൽ നിന്നു മന്ത്രിക്ക് കിട്ടിയത്. കണക്കുവച്ച് പ്രതിരോധിക്കാമെന്ന് മനസിൽ ഉറപ്പിച്ച മന്ത്രി കെ.എസ്.ആർ.ടി.സിയിൽ നിന്ന് വിശദമായ റിപ്പോർട്ട് തേടിയിരുന്നു. ഈ റിപ്പോർട്ട് ആകട്ടെ മന്ത്രിയുടെ മേശപ്പുറത്ത് എത്തും മുൻപ് മാധ്യമങ്ങളിലൂടെ പുറംലോകമറിഞ്ഞു. ഇക്കഴിഞ്ഞ ഏഴ് മാസത്തിനിടയിൽ ഇലക്ട്രിക് ബസിൽ നിന്ന് 2.88 കോടി രൂപയുടെ ലാഭമുണ്ടായെന്നാണ് കണക്ക്.
സി.പി.എമ്മിന്റെ കൊട്ടും കണക്കും കൂടിയായതോടെ വിഷയത്തിൽ മൗനത്തിലാണ് ഗതാഗതമന്ത്രി. കയ്ച്ചിട്ട് ഒട്ട് ഇറക്കാനും മധുരിച്ചിട്ട് ഒന്ന് തുപ്പാനും വയ്യ എന്ന അവസ്ഥയിലുള്ള മന്ത്രി, വിഷയത്തിൽ നിന്ന് പിന്മാറാനുള്ള നീക്കത്തിലാണ്.
Electric bus controversy transport minister KB Ganesh Kumar