യുവാക്കള്‍ കൂട്ടത്തോടെ വിദേശത്തേയ്ക്ക് ചേക്കേറുന്നത് ഒഴിവാക്കാന്‍ നടപടി വേണമെന്ന് ചങ്ങനാശേരി അതിരൂപത. രക്ഷപ്പെടാന്‍ കേരളം വിടണമെന്ന തോന്നല്‍ ഒഴിവാക്കാന്‍ സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ടെന്നും ചങ്ങനാശേരി അതിരൂപത അധ്യക്ഷൻ മാർ ജോസഫ് പെരുന്തോട്ടം. സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലിന് തിരുവനന്തപുരം പൗരാവലിയുടെ സ്വീകരണത്തിലായിരുന്നു പരാമര്‍ശം.

എന്നാല്‍ ഇത് കേരളത്തിന്റെ പ്രശ്നമല്ല, കാലത്തിന്റെ മാറ്റമെന്ന് മുഖ്യമന്ത്രി പിണറായി അതേവേദിയില്‍ പ്രതികരിച്ചു. സഭ ആശങ്കപ്പെടേണ്ടെന്നും ഉന്നത വിദ്യാഭ്യാസരംഗം മെച്ചപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സഭയ്ക്ക് സർക്കാർ ചെയ്ത് തന്നതെല്ലാം ഓർക്കണമെന്ന് ശബ്ദത്തിന്റെ കനംകൂട്ടി പറഞ്ഞാണ് മുഖ്യമന്ത്രി അവസാനിപ്പിച്ചത്.

മുഖ്യമന്ത്രി വേദിവിട്ടെങ്കിലും സര്‍ക്കാരിനെ വിമര്‍ശിച്ചും മാര്‍ ജോസഫ് പെരുന്തോട്ടത്തെ അഭിനന്ദിച്ചും പ്രതിപക്ഷ നേതവ് വിഷയം ഏറ്റെടുത്തു. കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസരംഗം തകര്‍ന്നിരിക്കുകയാണെന്ന് സതീശന്‍ കുറ്റപ്പെടുത്തിയപ്പോള്‍ വസ്തുതാപരമായി വേണം സംസാരിക്കാനെന്ന് മന്ത്രി വി.എന്‍.വാസവനും പഴയ അവസ്ഥ മാറിയെന്ന് റോഷി അഗസ്റ്റീനും തിരിച്ചടിച്ചു. ലോക്സഭയില്‍ വീണ്ടും വോട്ട് തേടാനിറങ്ങുന്ന ശശി തരൂരോ സ്വീകരണത്തിന് നന്ദിപറഞ്ഞ മാര്‍ റാഫേല്‍ തട്ടിലോ വിഷയം ഏറ്റെടുത്തില്ല.

Syro Malabar Sabha against youth migration