ബിൽക്കീസ് ബാനോ കേസിലെ 11 കുറ്റവാളികളും ജയിലിൽ എത്തി കീഴടങ്ങി. കീഴടങ്ങാനുള്ള സമയപരിധി തീരാൻ മിനിറ്റുകൾ ബാക്കി നിൽക്കെ ഇന്നലെ രാത്രി 11.45 നാണ് എല്ലാ പ്രതികളും ഗുജറാത്തിലെ ഗോധ്ര സബ് ജയിലിൽ എത്തിയത്. ലോക്കൽ ക്രൈംബ്രാഞ്ച് ഇക്കാര്യം സ്ഥിരീകരിച്ചു. ജയിലിൽ കീഴടങ്ങാൻ സാവകാശം വേണമെന്ന 11 പേരുടെയും ഹർജി സുപ്രീംകോടതി നേരത്തെ തള്ളിയിരുന്നു. ബിൽക്കിസ് ബാനോയെ കൂട്ട ബലാൽസംഗം ചെയ്ത കേസിൽ കുറ്റവാളികളെ നിയമവിരുദ്ധമായി വിട്ടയച്ച ഗുജറാത്ത് സർക്കാരിന്റെ തീരുമാനം ഈമാസം എട്ടിനാണ് സുപ്രീംകോടതി റദ്ദാക്കിയത്. തുടർന്ന് രണ്ടാഴ്ച്ചയ്ക്കകം കുറ്റവാളികൾ എല്ലാവരും തിരിച്ച് ജയിലിൽ കീഴടങ്ങണം എന്നായിരുന്നു ഉത്തരവ്.
ജസ്റ്റിസ് ബി.വി.നാഗരത്ന, ജസ്റ്റിസ് ഉജ്ജല്‍ ഭുയാന്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് പ്രതികളുടെ ഹര്‍ജി നേരത്തെ തള്ളിയിരുന്നത്. വിധി പറഞ്ഞപ്പോള്‍ത്തന്നെ ജയിലിലേക്ക് മടങ്ങാന്‍ രണ്ടാഴ്ച സാവകാശം നല്‍കിയിരുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി. പുതുതായി പറയുന്ന കാരണങ്ങളൊന്നും കൂടുതല്‍ സമയം നല്കാന് പര്യാപ്തമല്ലെന്നും കോടതി പറഞ്ഞു.
ആരോഗ്യം, കുടുംബകാര്യങ്ങള്‍, മകന്റെ വിവാഹം, വിളവെടുപ്പുകാലം, മാതാപിതാക്കളുടെ അസുഖം തുടങ്ങിയ കാരണങ്ങള്‍ പറഞ്ഞാണ് പ്രതികള്‍ വീണ്ടും സുപ്രീംകോടതിയെ സമീപിച്ചത്. പ്രതികളുടെ മോചനം റദ്ദാക്കി അതേ ബെഞ്ച് തന്നെയാണ് പുതിയ ഹര്‍ജികളും പരിഗണിച്ചത്. ജസ്വന്ത് നായി, ഗോവിന്ദ്ഭായ് നായി, ശൈലേഷ് ഭട്ട്, രാധേശ്യാം ഷാ, ബിപിൻ ചന്ദ്ര ജോഷി, കേസർ ഭായ് വൊഹാനിയ, പ്രദീപ് മോർദിയ, ബകാഭായ് വൊഹാനിയ, രാജുഭായ് സോണി, മിതേഷ് ഭട്ട്, രമേഷ് ചന്ദന എന്നിവരാണു കേസിലെ പ്രതികൾ.
2002ലെ ഗുജറാത്ത് കലാപത്തിനിടെയാണ് ഗര്‍ഭിണിയായിരുന്ന ബില്‍ക്കീസ് ബാനോയെ കൂട്ടബലാല്‍സംഗം ചെയ്യുകയും രണ്ടുമാസം മാത്രം പ്രായമുള്ള കുഞ്ഞ് ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്തത്. ജയിലില്‍ 14 വര്‍ഷം പൂര്‍ത്തിയാക്കി എന്ന കാരണം പറഞ്ഞാണ് 2022 ഓഗസ്റ്റില്‍ ഗുജറാത്ത് സര്‍ക്കാര്‍ ഇവര്‍ക്ക് ശിക്ഷ ഇളവുനല്‍കി വിട്ടയച്ചത്.
Bilkis Bano case convicts surrender as SC deadline expires