ഇന്ന് ഇന്ത്യയിൽ വച്ചാലുടൻ വിറ്റുപോകുന്ന, ഏറ്റവും വലിയ വിൽപനച്ചരക്ക് ശ്രീരാമന്റെ പേരാണെന്നു കഥാകൃത്ത് ടി.പത്മനാഭൻ. ‘പാർലമെന്റ് തിരഞ്ഞെടുപ്പിൽ അവരുടെ ഏറ്റവും വലിയ തുരുപ്പു ചീട്ട് ശ്രീരാമന്റെ പേരും അയോധ്യയിലെ ക്ഷേത്രവുമായിരിക്കും. ശ്രീരാമന്റെ പേര് ഉച്ചരിച്ചില്ലെങ്കിൽ, പരസ്പരം കാണുമ്പോൾ ‘ജയ് ശ്രീറാം’ എന്നു പറഞ്ഞ് അഭിവാദ്യം ചെയ്തില്ലെങ്കിൽ, അവരെ കുത്തിക്കൊല്ലുന്ന നാടാണിത്. അതു സംഭവിച്ചിട്ടുണ്ട്. വർധിക്കാനാണ് എല്ലാ സാധ്യതയും. എം.എ.ബേബിയൊക്കെ വളരെ വളരെ സൂക്ഷിച്ചു കൊള്ളുക. ഈ തുറുപ്പു ചീട്ട് വച്ചായിരിക്കും അവരുടെ കളി. 

 

എന്റെ അറിവിൽ ഏറ്റവും വലിയ രാമഭക്തൻ ഒരാളേയുള്ളു. പേര് ഗാന്ധി. ആ സാധുമനുഷ്യൻ ജീവിതത്തിൽ ഒറ്റ സിനിമയേ കണ്ടിട്ടുള്ളു. വിജയ്ഭട്ടിന്റെ രാമരാജ്യം. അന്ത്യശ്വാസം വലിക്കുമ്പോൾ അദ്ദേഹം 2 വാക്കുകൾ മാത്രമേ ഉച്ചരിച്ചുള്ളു: ഹേ റാം, ഹേ റാം. അയോധ്യയിലെ പ്രാണപ്രതിഷ്ഠയ്ക്കായി കേരളത്തിൽ നിന്നു പോയ പ്രമുഖ ഓട്ടക്കാരി പി.ടി.ഉഷയാണ്. ഏതൊക്കെ ശ്രീരാമനെ പറ്റിയാണു പി.ടി.ഉഷ വായിച്ചിട്ടുള്ളത്, ഏതൊക്കെ തുഞ്ചത്തെഴുത്തച്ഛന്മാരുടെ അധ്യാത്മരാമായണങ്ങളാണു വായിച്ചത് എന്നെനിക്കറിയില്ല.’ ടി.പത്മനാഭൻ പറഞ്ഞു.

 

T Padmanabhan on Ayodhya Temple and bjp