• സിറ്റി പൊലീസ് കമ്മിഷണര്‍ എഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കി
  • മുഖ്യമന്ത്രിയെ വേദിയിലിരുത്തിയായിരുന്നു രാഷ്ട്രീയ വിമര്‍ശനം
  • അധികാരം സര്‍വാധിപത്യമായെന്ന് എം.ടി പറഞ്ഞിരുന്നു
  • 20 വര്‍ഷം മുന്‍പെഴുതിയ ലേഖനമാണ് എം.ടി വീണ്ടും അവതരിപ്പിച്ചത്

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വേദിയില്‍ രാഷ്ട്രീയ വിമര്‍ശനം ഉന്നയിച്ച എഴുത്തുകാരന്‍ എം.ടി. വാസുദേവന്‍ നായര്‍ക്ക് പിന്നില്‍ ബാഹ്യ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്ന് കണ്ടെത്തല്‍.  ആഭ്യന്തര വകുപ്പിന്‍റെ രഹസ്യാന്വേഷണവിഭാഗം നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം ബോധ്യപ്പെട്ടത്. ഇത് സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട്  സിറ്റി പൊലീസ് കമ്മിഷണര്‍ എഡിജിപിക്ക് സമര്‍പ്പിച്ചു. കെഎല്‍എഫ് ഉദ്ഘാടനവേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തിയായിരുന്നു നേതൃപൂജയെക്കുറിച്ചടക്കമുള്ള എം.ടിയുടെ വിമര്‍ശനം. വിഡിയോ റിപ്പോര്‍ട്ട് കാണാം.

 

അധികാരമെന്നാല്‍ ആധിപത്യമോ സര്‍വാധിപത്യമോ ആയി മാറിയെന്ന് 20 വര്‍ഷം മുന്‍പെഴുതിയ ലേഖനം മുഖ്യമന്ത്രിയെ വേദിയിലിരുത്തിയാണ് എം.ടി. വാസുദേവന്‍ നായര്‍ വീണ്ടും അവതരിപ്പിച്ചത്.  അധികാരം ജനസേവനത്തിനുള്ള അവസരമെന്ന സിദ്ധാന്തത്തെ കുഴിച്ചുമൂടി. സ്വാതന്ത്ര്യം ഭരണാധികാരികള്‍ എറിയുന്ന ഔദാര്യത്തുണ്ടുകളല്ലെന്നും തെറ്റുപറ്റിയാല്‍ സമ്മതിക്കുന്ന പതിവ് ഇവിടെ ഒരു മഹാരഥനുമില്ലെന്നും എം.ടി വിമര്‍ശിച്ചിരുന്നു. ആള്‍ക്കൂട്ടത്തെ ആരാധകരായും പടയാളികളായി മാറ്റാമെന്നും കോഴിക്കോട്ടെ പുസ്തകോല്‍സവത്തില്‍ അദ്ദേഹം പ്രസംഗത്തില്‍ പറഞ്ഞത് വലിയ വിവാദത്തിനാണ് തിരികൊളുത്തിയത്.

 

No external force behind MT's 'autocracy' speech; Intelligence submits report