pinarayi-veena
  • കെഎസ്ഐഡിസിക്ക് ഓഹരിയുള്ള കമ്പനി എക്സാലോജിക്കുമായി നടത്തിയത് തല്‍പരകക്ഷി ഇടപാട്
  • ഇത് വെളിപ്പെടുത്താത്തത് നിയമലംഘനമെന്ന് റജിസ്ട്രാര്‍ ഓഫ് കമ്പനീസ്
  • സിഎംആര്‍എലിനെ പരോക്ഷമായി നിയന്ത്രിക്കുന്നത് മുഖ്യമന്ത്രിയെന്നും പരാമര്‍ശം

എക്സാലോജിക്–സിഎംആര്‍എല്‍ ഇടപാടില്‍ മുഖ്യമന്ത്രി പിണറായി വിജയനെ ബന്ധിപ്പിച്ച് ബെംഗളൂരു കമ്പനി റജിസ്ട്രാറുടെ റിപ്പോര്‍ട്ട്. കെഎസ്ഐഡിസിയെ പ്രത്യക്ഷമായും അവര്‍ക്ക് ഓഹരിയുള്ള കരിമണല്‍ കമ്പനി സിഎംആര്‍എലിനെ പരോക്ഷമായും നിയന്ത്രിക്കുന്നത് മുഖ്യമന്ത്രിയാണെന്നാണ് പരാമര്‍ശം. അതിനാല്‍ എക്സാലോജിക്–സിഎംആര്‍എല്‍ ഇടപാട് തല്‍പര കക്ഷികള്‍ തമ്മിലുള്ളതാണെന്നാണ് റിപ്പോര്‍ട്ട്.  ആരോപണം കമ്പനി റജിസ്ട്രാര്‍ക്ക് നല്‍കിയ മൊഴിയില്‍ വീണാ വിജയന്‍ നിഷേധിച്ചു. സിഎംആര്‍എല്‍ കമ്പനിയില്‍ നിന്ന് വ്യക്തിപരമായി കൈപ്പറ്റിയ 55 ലക്ഷത്തെ പറ്റി വീണ കൃത്യമായ വിശദീകരണം നല്‍കിയില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. വിഡിയോ റിപ്പോര്‍ട്ട് കാണാം.  

 

ബെംഗളൂരുവിലെ കമ്പനി റജിസ്ട്രാറുടെ റിപ്പോര്‍ട്ടിലാണ് മുഖ്യമന്ത്രി പിണറായി വിജയനെ ബന്ധിപ്പിച്ചുള്ള പരാമര്‍ശങ്ങള്‍. വ്യവസായവകുപ്പിന് കീഴിലെ കെഎസ്ഐഡിസിക്ക് സിഎംആര്‍എലില്‍ 13.4 ശതമാനം ഓഹരിയുണ്ട്. സിഎംആര്‍എല്‍ ബോര്‍ഡില്‍ നിര്‍ണായക സ്വാധീനം ചെലുത്താവുന്നവരെ അവിടെ നിയമിച്ചിട്ടുമുണ്ട്. ഇതോടെ മുഖ്യമന്ത്രിയുടെ നിര്‍ദേശമനുസരിച്ച് സിഎംആര്‍എല്‍ ബോര്‍ഡ് പ്രവര്‍ത്തിക്കേണ്ടിവരും. എക്സാലോജികും സിഎംആര്‍എലുമായി കരാര്‍ ഒപ്പിട്ടകാലത്ത് പിണറായി വിജയനായിരുന്നു മുഖ്യമന്ത്രിയെന്ന് റിപ്പോര്‍ട്ടില്‍ എടുത്തു പറയുന്നു. എക്സാലോജികിന്‍റെ ഡയറക്ടര്‍ പിണറായിയുടെ മകളും. ഇരു പാര്‍ട്ടികളുമായി കരാര്‍ ഒപ്പിടുമ്പോള്‍ ഈ തല്‍പരകക്ഷി ബന്ധം ബോര്‍ഡിനെ അറിയിച്ചില്ല. ഇത് കമ്പനീസ് ആക്ടിന്‍റെ ലംഘനമാണെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഈ ആരോപണം വീണാ വിജയന്‍ തന്‍റെ മൊഴിയില്‍ നിഷേധിച്ചു. കെഎസ്ഐഡിസി സിഎംആര്‍എലില്‍ നിക്ഷേപിച്ചത് 1991 ലാണെന്നും വീണ ഓര്‍മിപ്പിക്കുന്നു. സ്ഥാപനവുമായി തന്‍റെ കുടുംബാംഗങ്ങള്‍ക്ക് ബന്ധമില്ല. കമ്പനിയെ നിയന്ത്രിക്കുന്നത് ഉന്നത ഉദ്യോഗസ്ഥരാണെന്നും അവര്‍ വീണയുടെ പിതാവിനോടല്ല റിപ്പോര്‍ട്ട് ചെയ്യുന്നതെന്നും വിശദീകരിക്കുന്നു. അതിനാല്‍ തല്‍പരകക്ഷി എന്നു പറയുന്നത് നിയമപരമായും വസ്തുതാപരമായും തെറ്റാണ്. സിഎംആര്‍എലില്‍ നിന്ന് വീണ സ്വന്തം നിലയില്‍ വാങ്ങിയ 55 ലക്ഷത്തിന്‍റെ കാര്യം കൃത്യമായി വിശദീകരിക്കാനായില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. ഏത് റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളതെന്ന് പറഞ്ഞാലെ മറുപടി പറയാന്‍ പറ്റൂ എന്നായിരുന്നു വീണയുെട നിലപാട്. വീണയും സിഎംആര്‍എലുമായി കരാര്‍ ഒപ്പിട്ടിട്ടില്ല എന്നാണ് എക്സാലോജികിന്‍റെ വിശദീകരണം.

 

സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ വീണയ്ക്ക് സ്വന്തം നിലയില്‍ കണ്‍സള്‍ട്ടന്‍സി നല്‍കാന്‍ ശേഷിയുണ്ടെന്നും എക്സാലോജിക് അവകാശപ്പെടുന്നു. ഇതേസമയം എക്സാലോജിക് കമ്പനി മരവിപ്പിക്കുന്നതിനായി വീണ വിജയന്‍ തെറ്റിദ്ധരിപ്പിച്ചെന്നും റിപ്പോര്‍ട്ടിലുണ്ട്. വിവരങ്ങള്‍ മറച്ചുവച്ചതിനും തെറ്റായ സത്യവാങ്മൂലം നല്‍കിയതിനും വീണാ വിജയനെ പ്രോസിക്യൂട്ട് ചെയ്യണം എന്നും കമ്പനി റജിസ്ട്രാര്‍ ശുപാര്‍ശ ചെയ്തു. 2022ല്‍ മരവിപ്പിക്കാന്‍ നല്‍കിയ അപേക്ഷയിലും സത്യവാങ്മൂലത്തിലും വീണാ വിജയന്‍ തെറ്റായ വിവരങ്ങള്‍ നല്‍കി. രണ്ടുവര്‍ഷത്തിനിടെ ഒരിടപാടും നടത്താത്ത കമ്പനിക്കേ മരവിപ്പിക്കാന്‍ അപേക്ഷ നല്‍കാവൂ. എന്നാല്‍ 2021 മേയില്‍ കമ്പനി ഇടപാട് നടത്തിയിട്ടുണ്ട്. നികുതിബാക്കിയില്ലെന്നും നിയമനടപടിയില്ലെന്നുമായിരുന്നു വീണയുടെ സത്യവാങ്മൂലം. 2021ല്‍ കമ്പനീസ് ആക്ട് പ്രകാരം ഡയറക്ടര്‍ക്ക് അടക്കം നോട്ടീസ് കിട്ടിയിരുന്നു. 42 ലക്ഷംരൂപയും അതിന്‍റെ പലിശയും ആദായനികുതി കുടിശികയുണ്ടായിരുന്നു. ഇക്കാര്യങ്ങള്‍ മറച്ചുവച്ച് തെറ്റായ സത്യവാങ് മൂലം നല്‍കിയത് കമ്പനി നിയമത്തിലെ 447, 448, 449 വകുപ്പുകള്‍ പ്രകാരം തടവും പിഴയും കിട്ടാവുന്ന കുറ്റമാണെന്നും റിപ്പോര്‍ട്ട് പറയുന്നു.