• 'പ്രധാനമന്ത്രി നേരിട്ടെത്തിയതില്‍ നന്ദി'
  • 'മെയ്ഡ് ഇന്‍ കേരളയുടെ സംഭാവന ചെറുതല്ല'
  • 'കേരളം നല്‍കിയത് ഉദാത്തമായ പിന്തുണ'

കപ്പല്‍ വ്യവസായരംഗത്ത് കൊച്ചിയുടെ സാന്നിധ്യം അടിവരയിട്ട് ഉറപ്പിക്കുന്ന രണ്ട് ഷിപ്പിങ് പദ്ധതികളടക്കം 4000 കോടിയുടെ മൂന്ന് പദ്ധതികള്‍ കേരളത്തിന്‍റെ മണ്ണില്‍ നടപ്പിലാകുന്നതില്‍ അഭിമാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 'മെയ്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ മെയ്ഡ് ഇന്‍ കേരളയുടെ സംഭാവന ചെറുതല്ലെന്നും പദ്ധതി ഉദ്ഘാടനം ചെയ്യാന്‍ പ്രധാനമന്ത്രി നേരിട്ടെത്തിയതില്‍ നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരളം നൽകിയ ഉദാത്ത പിന്തുണയുടെ ഉദാഹരണം കൂടിയാണ് കൊച്ചിന്‍ ഷിപ്പ്​യാര്‍ഡില്‍ പൂര്‍ത്തിയായ ഡ്രൈ ഡോക്കെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇന്ത്യയുടെ യശസ് ഉയർത്താൻ കേരളത്തിന്റെ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് കഴിയുന്നുവെന്നും ആദിത്യ മിഷനിലും ചന്ദ്രയാൻ പദ്ധതിയിലും കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങൾ ഭാഗമായെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

1,799 കോടി രൂപ ചെലവിലാണ് കൊച്ചിയിലെ കപ്പല്‍ശാലയില്‍ ഡ്രൈ ഡോക്ക് നിര്‍മിച്ചത്. ഇതിന് പുറമെ വില്ലിങ്ടണ്‍ ഐലന്‍ഡിലെ പോര്‍ട് ട്രസ്റ്റ് ഭൂമിയില്‍ 970 കോടി ചെലവിട്ട് നിര്‍മിച്ച രാജ്യാന്തര കപ്പല്‍ അറ്റകുറ്റപ്പണി കേന്ദ്രം, പുതുവൈപ്പിനില്‍ 1,236 കോടി ചെലവിട്ട് നിര്‍മിച്ച ഐഒസിയുടെ എല്‍പിജി ഇറക്കുമതി ടെര്‍മിനല്‍ പദ്ധതികളും പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും.

 

കപ്പല്‍ശാലയിലെ 15 ഏക്കറിലായി പരന്ന് കിടക്കുന്ന ഡ്രൈ‍ഡോക്കിന്റെ നിര്‍മാണം  2018 ഒക്ടോബറിലാണ് ആരംഭിച്ചത്. രാജ്യത്തെ തന്നെ ഏറ്റവും വലിയ ഡ്രൈ ഡോക്കുകളിലൊന്നാണിത്. 310 മീറ്റര്‍ നീളവും 75 മീറ്റര്‍ വീതിയും 13 മീറ്റര്‍ ആഴവുമുള്ള ‍ഡോക്കില്‍ ഒരേ സമയം വമ്പന്‍ കപ്പലുകളും ചെറുയാനങ്ങളും നിര്‍മിക്കാനും അറ്റകുറ്റപണി നടത്താനും സാധിക്കും. കൊച്ചിയെ ഒരു രാജ്യാന്തര കപ്പല്‍ അറ്റകുറ്റപണി കേന്ദ്രമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് വില്ലിങ്ടണ്‍ ഐലന്‍ഡില്‍ ഭൂമി പാട്ടത്തിനെടുത്ത് രാജ്യാന്തര കപ്പല്‍ അറ്റകുറ്റപണി കേന്ദ്രം നിര്‍മിച്ചത്. ആറായിരം ടണ്‍ വരെ ഭാരം ഉയര്‍ത്താനാകുന്ന ഷിപ് ലിഫ്റ്റ് സംവിധാനങ്ങളാണ് ഇവിടെയുള്ളത്. കപ്പലുകളുടെ അറ്റകുറ്റപണി മേഖലയിലും ഇത് കൊച്ചി കപ്പല്‍ശാലയ്ക്ക് വന്‍ കുതിപ്പ് നല്‍കും.

 

തുറമുറഖ ഷിപ്പിങ് മേഖലയില്‍ മാത്രമല്ല വാതക മേഖലയില്‌‍‍ രാജ്യത്തിന്റെ ശേഷി വര്‍ധിപ്പിക്കുകയെന്ന കേന്ദ്ര നയത്തിന്റെ ചുവട് പിടിച്ച് യാഥാര്‍ഥ്യമാക്കിയതാണ് പുതുവൈപ്പിലെ ഐഒസിയുടെ എല്‍പിജി ഇറക്കുമതി ടെര്‍മിനല്‍. 15400 ടണ്‍ സംഭരണശേഷിയുള്ള പുതുവൈപ്പ് എല്‍പിജി ടെര്‍മിനല്‍ കേരളത്തിലെ ആദ്യ എല്‍പിജി ഇറക്കുമതി ടെര്‍മിനലാണ്. ഒരു വര്‍ഷത്തിലധികം നീണ്ട് നിന്ന പ്രാദേശിക ചെറുത്ത് നില്‍പുകളെ അതിജീവിച്ചാണ് ടെര്‍മിനലിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയതും.15400 മെട്രിക് ടണ്‍ സംഭരണ ശേഷിയുള്ള ഈ ടെര്‍മിനല്‌‍പൈപ്പ് ലൈന്‍  വഴിയുള്ള എല്‍പിജി വിതരണം ഉറപ്പാക്കും. തമിഴ്നാട്ടിലേക്ക് പുതുവൈപ്പില്‍ നിന്ന് പൈപ്പ് ലൈന്‍ വഴി വാതകം വിതരണം ചെയ്യും.

 

'Proud moment for Kerala'; CM express happiness in 4000cr developmenta projects