തെരുവിലും മൈതാനത്തും കിട്ടാത്ത നീതി തേടിയാണ് കോടതിയില്‍ പോയതെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍. കെ–ഫോണ്‍ പദ്ധതി കരാറില്‍ അഴിമതിയാരോപിച്ചുള്ള ഹര്‍ജിയിലെ കോടതി വിമര്‍ശനത്തോടായിരുന്നു പ്രതിപക്ഷനേതാവിന്റെ പ്രതികരണം. തന്റെ കേസ് തള്ളിയിട്ടില്ലെന്നും പദ്ധതിയില്‍ അഴിമതി നടന്നിട്ടുണ്ടെന്നും വി.ഡി.സതീശന്‍ കൊച്ചിയില്‍ പറഞ്ഞു

 

വി.ഡി.സതീശന്റെ ഹർജിയില്‍ വിമര്‍ശനവുമായി ഹൈക്കോടതി

 

കെ ഫോണ്‍ പദ്ധതി കരാറില്‍ അഴിമതി ആരോപിച്ചുള്ള പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ ഹർജിയില്‍ വിമര്‍ശനവുമായി ഹൈക്കോടതി. ഹർജിയിലെ പൊതു താൽപര്യം എന്തെന്ന് ഹൈക്കോടതി ചോദിച്ചു. ഹർജി പബ്ലിക് ഇൻട്രസ്റ്റ് ആണോ പബ്ലിസിറ്റി ഇൻട്രസ്റ്റ് ആണോ എന്നും കോടതി ചോദിച്ചു

 

2019ലെ കരാർ ഇപ്പോഴാണോ ചോദ്യം ചെയ്യുന്നത് എന്ന പരാമർശത്തോടെയാണ് ചീഫ് ജസ്റ്റിസ് ആശിഷ്.ജെ.ദേശായി ജസ്റ്റിസ് വി.ജി.അരുൺ എന്നിവരുടെ ഡിവിഷൻ ബെഞ്ച് വിമർശനം ആരംഭിച്ചത്. ഹർജിയിലെ പൊതു താൽപര്യം എന്തെന്നും കോടതി ചോദിച്ചു. ടെൻഡറിൽ അപാകതയുണ്ടെന്നും, സിഎജി റിപ്പോര്‍ട്ട് ലഭിച്ചതിനുശേഷം കൂടുതൽ തെളിവുകൾ ഹാജരാക്കാമെന്നായിരുന്നു ഹർജിക്കാരൻ അറിയിച്ചത്. എങ്കിൽ പിന്നെ റിപ്പോർട്ട് ലഭിച്ചിട്ട് വന്നാൽ പോരെയെന്ന് കോടതി.  

 

ഹർജി പബ്ലിക് ഇൻട്രസ്റ്റ് ആണോ പബ്ലിസിറ്റി ഇൻട്രസ്റ്റ് ആണോ എന്നും കോടതിയുടെ പരിഹാസം. തുടർന്ന്  കോടതി സർക്കാരിന്റെ നിലപാട് തേടി. ഹർജി ഫയലിൽ സ്വീകരിക്കാനോ, എതിർകക്ഷികൾക്ക് നോട്ടീസ് അയക്കാനോ കോടതി തയ്യാറായില്ല. ഫെബ്രുവരി അഞ്ചിന് ഹർജി വീണ്ടും പരിഗണിക്കും. എഐ ക്യാമറ ഇടപാടിനെതിരായ ഹർജിയും, കെ ഫോൺ കരാറിനെതിരായ ഹർജിയും ഒരുമിച്ച് പരിഗണിക്കണമെന്ന പ്രതിപക്ഷ നേതാവിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. 

 

കെ.ഫോൺ പദ്ധതിയുടെ കരാറിലും ഉപകരാറിലും മാനദണ്ഡങ്ങൾ ലംഘിക്കപ്പെട്ടുവെന്നും, സിബിഐ അന്വേഷണം വേണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യം. ഹർജിയിൽ ലോകായുക്തക്കെതിരായ പരാമർശത്തെയും കോടതി വിമർശിച്ചു. ലോകായുക്തയെക്കൊണ്ട് കാര്യമില്ലെന്നും, സമീപിച്ചിട്ട് പ്രയോജനമില്ലെന്നുമായിരുന്നു ഹർജിയിലെ പരാമർശനം. ഇക്കാര്യം നീക്കം ചെയ്യണമെന്ന സർക്കാർ ആവശ്യത്തോട് കോടതി യോജിച്ചു.  ഉത്തരവാദിത്വമുള്ള രാഷ്ട്രീയപ്രവർത്തകൻ എന്ന നിലയിൽ ഹ‍ർജിയിലെ പരാ‍മർശം അനുചിതമായെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.

 

'Public interest or publicity interest?', asks HC on Satheesan's plea against KFON project