കെ ഫോൺ പദ്ധതിയിൽ വൻ അഴിമതി നടന്നെന്നും കോടതിയുടെ മേൽനോട്ടത്തിൽ സിബിഐ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പൊതുതാല്‍പര്യം എന്തെന്ന് ഹൈക്കോടതി. 2019 ലെ തീരുമാനത്തെ 2024 ല്‍ ചോദ്യം ചെയ്യുന്നത് എന്തുകൊണ്ടെന്നും കോടതി ആരാഞ്ഞു. സിഎജി റിപ്പോര്‍ട്ട് ലഭിച്ചിട്ട് ബാക്കി തെളിവുകള്‍ ഹാജരാക്കാമെന്ന് ഹര്‍ജിക്കാരന്‍ അറിയിച്ചതോടെ 'അത് ലഭിച്ചിട്ട് വന്നാല്‍ പോരെ'യെന്നായിരുന്നു കോടതിയുടെ ചോദ്യം.
സർക്കാരിനെ നിയന്ത്രിക്കുന്നവർ പകരക്കാരെവച്ചു കരാറുകൾ വീതം വയ്ക്കുകയായിരുന്നെന്നും അധികാരത്തിലിരിക്കുന്നയാളുമായി ഏറ്റവും അടുപ്പമുള്ള കമ്പനിക്കാണു കരാർ ലഭിച്ചതെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. കരാർ ജോലികളും സാമ്പത്തിക ലാഭവും ഈ കമ്പനി മറ്റൊരു കമ്പനിക്കായി വഴിമാറ്റിയെന്നും എഐ ക്യാമറ പദ്ധതിയിൽ നടന്ന രീതിയിലുള്ള തട്ടിപ്പും അഴിമതിയുമാണ് ഈ ഇടപാടുകളിലും നടന്നിരിക്കുന്നതെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു. പദ്ധതിയുടെ ചെലവ് 1028.20 കോടി രൂപയാണ് ആദ്യം നിശ്ചയിച്ചത്. കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്നോളജി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിനെയാണ് നടപ്പാക്കുന്ന ഏജൻസിയായി തിരഞ്ഞെടുത്തതെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.
Kerala HC questions PIL on K Fon by VD Satheesan