savad-family-kgd-11
  • 'വിവാഹശേഷം കണ്ണൂരിലേക്ക് പോയി'
  • 'എസ്.ഡി.പി.ഐയുമായി ബന്ധമുണ്ട്'

മകളുടെ ഭര്‍ത്താവ് കൈവെട്ട് കേസിലെ പ്രതിയെന്ന് അറിഞ്ഞത് ഇന്നലെ എന്‍.ഐ.എ സംഘം അറസ്റ്റ് ചെയ്തപ്പോഴാണെന്ന് സവാദിന്‍റെ ഭാര്യാപിതാവ്. ഷാജഹാന്‍ ആണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് മകളെ വിവാഹം കഴിച്ചത്. വിവാഹശേഷം ഇവര്‍ കണ്ണൂരിലേക്ക് പോയെന്നും ഇടയ്ക്ക് മാത്രമാണ് മഞ്ചേശ്വരത്തേക്ക് എത്തുന്നതെന്നും സവാദിന്‍റെ ഭാര്യാപിതാവായ അബ്ദുള്‍ റഹിമാന്‍ മനോരമന്യൂസിനോട് പറഞ്ഞു. തനിക്ക് എസ്ഡിപിഐ ബന്ധമുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. വിഡിയോ റിപ്പോര്‍ട്ട് കാണാം.

 

പ്രൊഫ ടി ജെ ജോസഫിന്റെ കൈ വെട്ടിയ ശേഷം മുങ്ങിയ സവാദ് 13 വർഷം സംസ്ഥാന പൊലീസിനും കേന്ദ്ര അന്വേഷണ ഏജൻസികൾക്കും പിടി കൊടുക്കാതെ എവിടെയായിരുന്നുവെന്നതിന്റെ ഉത്തരമാണ് പുറത്തു വരുന്നത്. 8 വർഷം മുൻപ് കാസർകോട് നിന്ന് പേരും മേൽവിലാസവും മാറ്റി വിവാഹം ചെയ്ത സവാദ് പിന്നീട് കേരളം വിട്ടിട്ടില്ലെന്നാണ് അന്വേഷണ സംഘത്തിന് ലഭിക്കുന്ന വിവരം. കൈ വെട്ടു കേസിലെ ഒന്നാം പ്രതിയാണെന്ന് അറിയാതെയാണ് മകളെ സവാദിന് വിവാഹം കഴിച്ചു നൽകിയതെന്നാണ് കാസർകോടുള്ള ഭാര്യ വീട്ടുകാരുടെ പ്രതികരണം. 

 

വിവാഹ ശേഷം കണ്ണൂർ ജില്ലയിലെ വളപട്ടണം , വിളക്കോട്ടൂർ, ബേരം എന്നിവിടങ്ങളിൽ സവാദ്  ഒളിത്താവളങ്ങൾ കണ്ടെത്തി. ഷാജഹാൻ എന്ന് പേര് പറഞ്ഞ് നാട്ടുകാരെയും വിശ്വസിപ്പിച്ചു. എറണാകുളം സ്വദേശിയായ സവാദിന് ഇവിടങ്ങളില്‍ താമസിക്കാൻ പിഎഫ്ഐ യുടെ പ്രാദേശിക സഹായം കിട്ടിയെന്ന് എന്‍.ഐ.എ ഉറപ്പിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ എൻ ഐ എ. അന്വേഷണം നീങ്ങുന്നത് ആ സഹായികളിലേക്കാണ്.സവാദ് കണ്ണൂരിലുണ്ടെന്ന് എൻ.ഐ.എയ്ക്ക് വിവരം ലഭിക്കുമ്പോഴും സ്ഥിരീകരണത്തിൽ വെല്ലുവിളിയായത് പേരു മാറ്റമാണ്. ഒമ്പതു മാസം മുൻപ് ജനിച്ച ഇളയ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിലെ പേര് സവാദ് ആണെന്ന് ഉറപ്പിച്ചതോടെ എൻ.ഐ.എ സംഘം ബുധാനാഴ്ച്ച പുലർച്ചയോടെ വീടു വളയുകയായിരുന്നു. ആദ്യ ഘട്ട ചോദ്യം ചെയ്യലിലും ഷാജഹാൻ എന്ന പേര് സവാദ് ആവർത്തിച്ചു. പ്രൊഫ.ടി ജെ ജോസഫിനെ ആക്രമിക്കുന്നതിനിടെ ഉണ്ടായ പരുക്കിന്റെ അടയാളം ശരീരത്തിൽ നിന്ന് എൻ.ഐ.എ കണ്ടെത്തി ചോദിച്ചതോടെ  സവാദിന്റെ നാടകം പൊളിഞ്ഞു. കൂടുതൽ ചോദ്യം ചെയ്യലിൽ താനാണ് സവാദ് എന്ന് സമ്മതിക്കുകയും ചെയ്തു.

 

Wasn't aware about case; reveals Savad's father in law