rahul-mamkootathil-4
  • യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല
  • അറസ്റ്റിലായത് സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ സംഘര്‍ഷത്തെ തുടര്‍ന്നുള്ള കേസില്‍
  • രണ്ടാഴ്ചത്തേക്ക് വഞ്ചിയൂര്‍ കോടതി റിമാന്‍ഡ് ചെയ്തു

സെക്രട്ടേറിയറ്റ് മാർച്ചിലെ അക്രമവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്ത യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല. ഈ മാസം 22 വരെ വഞ്ചിയൂര്‍ കോടതി റിമാൻഡ് ചെയ്തു.  രാഹുല്‍ മാങ്കൂട്ടത്തലിനെ പൂജപ്പുര  ജയിലിലേക്ക് മാറ്റും. രാഹുല്‍ മാങ്കൂട്ടത്തിലിന് ആരോഗ്യപ്രശ്നങ്ങളില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സമരത്തിനിടെ അക്രമം തടയാന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ശ്രമിച്ചില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍. സമരം സംഘടിപ്പിച്ചതും നേതൃത്വം നല്‍കിയതും രാഹുല്‍ മാങ്കൂട്ടത്തിലാണ്. പൊലീസിനുനേരെ ആക്രമണമുണ്ടായത് രാഹുലിന്‍റെ സാന്നിധ്യത്തിലാണ്. പുലര്‍ച്ചെ അറസ്റ്റുചെയ്തത് പ്രതിഷേധം ഒഴിവാക്കാനെന്ന് പ്രോസിക്യൂട്ടര്‍. 10 വര്‍ഷംവരെ ശിക്ഷ കിട്ടാവുന്ന കുറ്റങ്ങള്‍ ചുമത്തിയതിനാല്‍ നോട്ടീസ് ആവശ്യമില്ലെന്നും പ്രോസിക്യൂട്ടര്‍. 

 

വഞ്ചിയൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് രാഹുലിനെ ഹാജരാക്കിയത്. സ്ത്രീകളെ മുന്നില്‍ നിര്‍ത്തി പൊലീസിനെ പട്ടിക ക‌ൊണ്ട് അടിച്ചുവെന്ന് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. വിഡിയോ ദൃശ്യങ്ങളില്‍ രാഹുല്‍ നടത്തിയ അക്രമം വ്യക്തമാണ്. സമാനമായ രണ്ട് കേസുകളില്‍ കൂടി അറസ്റ്റ് രേഖപ്പെടുത്താനുണ്ടെന്നും പൊലീസ്. അറസ്റ്റ് രേഖപ്പെടുത്തിയത് രാവിലെ 10.20നെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. രാഹുലിന്റെ ജാമ്യാപേക്ഷയെ സര്‍ക്കാര്‍ എതിര്‍ത്തു. ജാമ്യം നൽകിയാൽ അക്രമത്തിന് പ്രോത്സാഹനമാകുമെന്നും പ്രോസിക്യൂഷൻ വാദിച്ചു.  

 

മുന്നൂറോളം വരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരും പ്രതികളായ യൂത്ത് കോൺഗ്രസ് നേതാക്കളും കയ്യിൽ കൊടിക്കമ്പുകളും തടിക്കഷണവുമായി സെക്രട്ടേറിയറ്റിനു മുന്നിലെത്തി പ്രതിഷേധിക്കുകയും ഉദ്യോഗസ്ഥരുടെ ഡ്യൂട്ടിയെ തടസ്സപ്പെടുത്തുകയും ചെയ്തതായി പൊലീസിന്റെ റിപ്പോർട്ടിൽ പറയുന്നു. പൊലീസിന്റെ ഫൈബർ ഷീൽഡ്, ഹെൽമറ്റ്, ഫൈബർ ലാത്തി എന്നിവയ്ക്ക് പ്രവർത്തകർ കേടുപാടു വരുത്തി. 50000 രൂപയുടെ നഷ്ടം സംഭവിച്ചു. പൂജപ്പുര എസ്എച്ച്ഒ റജിന്റെ കൈയ്യിലെ അസ്ഥിപൊട്ടി. സെക്രട്ടേറിയറ്റിന്റെ സുരക്ഷയിലുണ്ടായിരുന്ന വ്യവസായ സുരക്ഷാ സേനയിലെ മൂന്ന് ഉദ്യോഗസ്ഥർക്ക് ഗുരുതര പരുക്കേറ്റു. യൂത്ത് കോൺഗ്രസ് പ്രവർത്തകർ ലാത്തിയും ഷീൽഡും അടിച്ചു പൊട്ടിക്കുന്ന വിഡിയോയും പൊലീസ് കോടതിയിൽ ഹാജരാക്കി. ഇന്നു പുലര്‍ച്ചെ പത്തനംതിട്ടയിലെ വീട്ടിൽ നിന്നാണ് രാഹുൽ മാങ്കൂട്ടത്തിലിനെ കന്റോൺമെന്റ് പൊലീസ് അറസ്റ്റ് ചെയ്തത്. രാവിലെ പത്തേകാലിന് കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിൽ എത്തിച്ചു

 

 

Rahul Mamkootathil remanded for two weeks