ഇന്ത്യ മുന്നണിയിലെ കോൺഗ്രസ് നിലപാടിൽ ജെഡിയുവിന് കടുത്ത അതൃപ്തി. സീറ്റ് പങ്കിടൽ, അജണ്ട, കൺവീനർ എന്നിവയിലെ അവ്യക്ത പരിഹരിക്കാൻ കോൺഗ്രസ് ശ്രമിക്കുന്നില്ല എന്നാണ് ജെഡിയുവിന്റെ വിമർശനം. മുന്നണിയെ ശക്തിപ്പെടുത്തേണ്ട സമയത്ത് കൂടിയാലോചനയില്ലാതെ ഭാരത് ജോഡോ ന്യായ് യാത്ര പ്രഖ്യാപിച്ചതിലും ജെഡിയുവിന് വിയോജിപ്പുണ്ട്. അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠക്ക് പിന്നാലെ ലോക്സഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ ഇന്ത്യ മുന്നണിയുടെ സ്ഥിതി എന്താണ് എന്നാണ് ജെഡിയുവിന്റ ചോദ്യം. കോൺഗ്രസ് വിട്ടുവീഴ്ചക്ക് തയ്യാറാകാത്തതിനാൽ സീറ്റ് ചർച്ച നീളുന്നു എന്നാണ് പ്രധാന ആരോപണം.
എല്ലാ മുന്നണി നേതാക്കളെയും പങ്കെടുപ്പിച്ച് സംയുക്ത പ്രചാരണം നടത്തേണ്ടിടത്ത് കോൺഗ്രസ് ഭാരത് ജോഡോ ന്യായ് യാത്ര നടത്തുന്നു. മുന്നണിയിലെ ആശങ്കയും അവ്യക്തതയും പരിഹരിക്കേണ്ട സമയത്താണ് യാത്ര. നല്ലതെങ്കിലും യാത്ര അനവസരത്തിലായി എന്നാണ് ജെഡിയു വിലയിരുത്തൽ. മുന്നണി ഇപ്പോഴും ഒരു നേതാവില്ലാതെയാണ് മുന്നോട്ട് പോകുന്നതെന്ന ആരോപണത്തിലൂടെ അധ്യക്ഷൻ നീതീഷ് കുമാറിനെ കൺവീനര്‍ ആക്കാത്തതിനുള്ള അതൃപ്തി ജെഡിയു വ്യക്തമാക്കുന്നു. മുന്നണിയിലെ കക്ഷികൾ വ്യത്യസ്‌ത ദിശകളിലേക്ക് നീങ്ങുകയാണ്.ബംഗാളിൽ കോൺഗ്രസ് അധ്യക്ഷൻ അധീർ രഞ്ജൻ ചൗധരി രാഷ്ട്രപതി ഭരണം ആവശ്യപ്പെടമ്പോഴും വയനാട് സീറ്റിൽ സിപിഐ പ്രതികരണങ്ങൾ വരുമ്പോഴും കോൺഗ്രസ് ഒന്നും ചെയ്യുന്നില്ലെന്നാണ് മറ്റൊരാരോപണം. ബിഎസ്പിയുമായി സമ്പർക്കം പുലർത്തി സമാജ്‌വാദി പാർട്ടിയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാൻ കോൺഗ്രസ് ശ്രമിക്കരുതെന്നും ജെഡിയു പറയുന്നു. എന്നാല്‍ വ്യത്യസ്ത നിലപാടുകളുളള പാർട്ടികളുടെ കൂട്ടായ്മയില് സീറ്റ് വിഭജനം പൂർത്തിയാക്കാന്‍ പല തവണ ചര്ച്ച നടത്തേണ്ടതുണ്ടെന്നാണ് കോണ്‍ഗ്രസിന്റെ പ്രതികരണം. ബിഹാറിലെ മുന്നണിയുടെ തുടര് നീക്കങ്ങള്‍ ചർച്ച ചെയ്യാൻ എഐസിസി ജനറൽ സെക്രട്ടറി മോഹൻ പ്രകാശിനെ പട്‌നയിലേക്ക് അയക്കാനാണ് ഹൈക്കമാന്‍ഡ് തീരുമാനം.
JDU upset over Congress's stand in seat sharing