
ബില്‍ക്കീസ് ബാനോ വിധിയില്‍ ബിജെപിയെ രൂക്ഷമായി വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി. ബിജെപി കുറ്റവാളികളുടെ രക്ഷാധികാരിയെന്ന് വ്യക്തമായെന്നും രാഹുല്‍ സമൂഹമാധ്യമമായ 'എക്സില്‍' കുറിച്ചു. ബിജെപി സര്‍ക്കാരിന്റെ ധാര്‍ഷ്ട്യത്തിനെതിരായ നിരന്തര പോരാട്ടത്തിന്റെ വിജയം കൂടിയാണിതെന്നും അദ്ദേഹം കുറിച്ചു. തിരഞ്ഞെടുപ്പ് നേട്ടങ്ങള്‍ക്കായി നീതിയെ ഇല്ലാതെയാക്കാനുള്ള ശ്രമങ്ങള്‍ ജനാധിപത്യത്തിന് തന്നെ അപകടമാണെന്നും ഇന്ന് പുറത്തുവന്ന വിധിയിലൂടെ ക്രിമിനലുകളുടെ രക്ഷാധികാരിയാരെന്ന് തെളിഞ്ഞുവെന്നും രാഹുല്‍ തുറന്നടിച്ചു.
കേസിലെ 11 കുറ്റവാളികള്‍ക്ക് ശിക്ഷ ഇളവ് നല്കി വിട്ടയച്ച ഗുജറാത്ത് സര്‍ക്കാര്‍ തീരുമാനം രൂക്ഷവിമര്‍ശനത്തോടെ സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ഇളവ് നൽകിയ തീരുമാനം ഗുജറാത്ത് സർക്കാരിന്റെ അധികാര ദുർവിനിയോഗമെന്ന് ജസ്റ്റിസുമാരായ ബി.വി.നാഗരത്ന, ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ച് വിമര്‍ശിച്ചു. പ്രതികളെ വിട്ടയയ്ക്കാന് ഗുജറാത്ത് സര്‍ക്കാരിന് അവകാശമില്ലെന്നും വിചാരണ നടന്ന മഹാരാഷ്ട്രയ്ക്കാണ് ഇളവ് നല്‍കണോ എന്ന് തീരുമാനിക്കാനുള്ള അവകാശമെന്നും സുപ്രീംകോടതി വിധിച്ചു. പ്രതികള്‍ സുപ്രീംകോടതിയെ ഉള്‍പ്പടെ തെറ്റിദ്ധരിപ്പിച്ചുവെന്നും നിയമത്തെ അട്ടിമറിച്ച പ്രതികള്‍ അനുകമ്പ അര്‍ഹിക്കുന്നില്ലെന്നുമാണ് വിധിയില്‍ കോടതി വ്യക്തമാക്കിയത്.
ജനാധിപത്യത്തിൽ നിയമ വാഴ്ച നിലനിൽക്കണം, നിയമ വാഴ്ചയില്ലെങ്കിൽ സമത്വമില്ല. സ്ത്രീ ബഹുമാനം അര്‍ഹിക്കുന്നു, ഇരയുടെ അവകാശം നടപ്പാക്കണമെന്നും കോടതി വിശദീകരിച്ചു. പ്രതികളില്‍ ഒരാളായ ഭഗവന്‍ദാസ് ഷായുടെ മോചനത്തിന് സുപ്രീംകോടതിയെ അയാള്‍ സമീപിച്ചത് തെറ്റായ വിവരങ്ങള്‍ ബോധിപ്പിച്ചാണ്. നിയമത്തെ അട്ടിമറിച്ച കുറ്റവാളികളെ ജയിലിലേക്ക് തിരികെ അയച്ചേ മതിയാവൂ എന്നും സുപ്രീം കോടതി വ്യക്തമാക്കി. രണ്ടാഴ്ചക്കകം 11 േപരും ജയിലില്‍ കീഴടങ്ങണം. വിചാരണ നടന്ന സംസ്ഥാനമായ മഹാരാഷ്ട്രയില്‍ ഇളവിന് അപേക്ഷിക്കുക മാത്രമാണ് ഇനി പ്രതികള്‍ക്ക് മുന്‍പിലുള്ള ഏക മാര്‍ഗം. എന്നാല്‍ ഹീനമായ കുറ്റകൃത്യത്തില്‍ പ്രതികള്‍ക്ക് മോചനം ഏളുപ്പമാവില്ല. ഗുജറാത്ത് കലാപകാലത്ത് ഗര്‍ഭിണിയായിരിക്കെയാണ് 20കാരിയായ ബില്‍ക്കീസ് ബാനോയെ പ്രതികള്‍ കൂട്ടബലാല്‍സംഗം ചെയ്യുകയും മൂന്ന് വയസുള്ള മകളെ ഉള്‍പ്പടെ കുടുംബത്തിലെ ഏഴുപേരെ കൊലപ്പെടുത്തുകയും ചെയ്തത്.
BJP is anti-women and patronising criminals, says Rahul in Bilkis Bano case